Mar 17, 2022

ജപ്പാനിലെ ഫുകുഷിമയിൽ അതിശക്തമായ ഭൂചലനം


ജപ്പാനിലെ ഫുകുഷിമയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുകുഷിമ തീരത്ത് സമുദ്ര നിരപ്പിൽ നിന്ന് 60 കിലോമീറ്റർ അടിയിലാണ്. ഭൂചനലനത്തിൽ രണ്ട് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഒരു വർഷം മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന വടക്കൻ ജപ്പാന്‍റെ ഭാഗത്താണ് ബുധനാഴ്ച വൈകീട്ട് ഭൂചലനമുണ്ടായത്. രാജ്യത്തെ ഇരുപത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ടോക്കിയോ നഗരത്തില്‍ മാത്രം ഏഴ് ലക്ഷത്തോളം വീടുകളാണ് വൈദ്യുതി നിലച്ചത്. ടോക്കിയോയിലടക്കം ട്രെയിൻ ഗതാഗതം താറുമാറായി. സ്ഥിതിഗതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറഞ്ഞു. 

ഫുകുഷിമ ആണവ നിലയത്തിന് ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും ഭൂചലനമുണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. വടക്കു കിഴക്കൻ മേഖലകളിലാണ് നിലവില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

അതേസമയം, തെക്കൻ ഇറാനിലും ഭൂചലനമുണ്ടായി. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.45നായിരുന്നു ഭൂചലനം. ഇറാനിലെ ഹൊർമോസ്ഗൻ പ്രവിശ്യയിലെ ഖൂഹെർദിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇക്കാര്യം യു.എ.ഇ കാലാവസ്ഥാ ഭൗമനിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. എന്നാല്‍, യു.എ.ഇയിൽ എവിടെയും നാശനഷ്ടമുള്ളതായി റിപ്പോർട്ടില്ല

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only