Mar 18, 2022

ചങ്ങനാശേരിയിൽ ഹർത്താൽ പുരോ​ഗമിക്കുന്നു; മാടപ്പള്ളിയിൽ കെ റെയിൽ അധികൃതർ ഇട്ട കല്ലുകൾ കാണാനില്ല


കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോ​ഗമിക്കുകയാണ്. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ നീളും. കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി.

വാഹനങ്ങളെ തടയില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചങ്ങനാശ്ശേരി നഗരത്തിൽ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങൾ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയിൽ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്

ഇതിനിടെ മാടപ്പള്ളിയിൽ ഇന്നലെ കെ റെയിൽ അധികൃതർ ഇട്ട കല്ലുകൾ കാണാനില്ലാതായി. മൂന്നുകല്ലുകളും എടുത്തുമാറ്റി.ഇന്ന് മടപ്പള്ളി പ്രദേശത്ത് കെ റെയിൽ അതിരടയാള കല്ലിടൽ ഉണ്ടാകില്ല. കൂടുതൽ പ്രകോപനം സൃഷ്ടിക്കണ്ടായെന്ന തീരുമാനത്തെ തുടർന്നാണിത്

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവച്ചത്. നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാ​ഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോ​ഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. 

പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉ​ദ്യോ​ഗസ്ഥർക്ക് നേരെ ​ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോ​ഗം വേണ്ടിവന്നത്. 

മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് അങ്ങനെയുള്ളവരെ ബലം പ്രയോ​ഗിച്ച് നീക്കിയത്. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ഉദ്യോ​ഗസ്ഥർ പൊലീസ് സുരക്ഷയിൽ കെ റെയിൽ സർവ്വേക്കല്ലിട്ടു. 

ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ  പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്. 

അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയക്കാൻ ആദ്യം തയ്യാറായിരുന്നില്ല. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരല്ലെന്നും ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ സമരക്കാർ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only