കണ്ണൂർ: കണ്ണൂരിൽ ഒന്നരക്കോടി രൂപ വിപണിവിലയുള്ള എം.ഡി.എം.എ. പിടികൂടിയ കേസിൽ മൂന്ന് പ്രതികൾകൂടി പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷിഹാബ്, മരക്കാർക്കണ്ടി സ്വദേശി അൻസാരി, അൻസാരിയുടെ ഭാര്യ ഷബ്ന എന്നവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണം ചെയ്യുന്നതിൽ പ്രധാനികളാണ് പിടിയിലായത്. ഇതിനേത്തുടർന്ന് പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
നേരത്തെ അറസ്റ്റിലായ പ്രതികൾ കൊണ്ടുവരുന്ന മയക്കുമരുന്നിന്റെ ചില്ലറവിൽപ്പന ഇവരിലൂടെയാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വലിയ തുക നേരത്തെ അറസ്റ്റിലായവരുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്തതായി കാണുന്നുണ്ട്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ശബ്ദശന്ദേശം നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണികളിലൊന്നായി സംശയിക്കുന്ന കണ്ണൂർ തെക്കിബസാർ റാസിയ നിവാസിലെ നിസാം അബ്ദുൾഗഫൂർ (35) നേരത്തെ പിടിയിലായിരുന്നു. നിസ്സാമിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പിടിയിലായവർക്ക് ഇയാളുമായി സാമ്പത്തക ഇടപാട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലായത്.
പ്രതികളുടെ അറസ്റ്റിനേത്തുടർന്ന് നാടകീയ രംഗങ്ങളാണ് പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. ഇവരുടെ ബന്ധു എന്ന് അവകാശപ്പെട്ട് ഒരാൾ എത്തുകയും പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തു. പിടിയിലായ പ്രതികളും പോലീസ് സ്റ്റേഷനുള്ളിൽ കരഞ്ഞ് ബഹളംവെച്ചു.
മാർച്ച് ഏഴിനാണ് രണ്ടുകിലോ എം.ഡി.എം.എ.യും കറുപ്പും ബ്രൗൺ ഷുഗറും ഉൾപ്പെടെയുള്ള ഒന്നരക്കോടിയുടെ മയക്കുമരുന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്. ഇത് ബെംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. അന്ന് പിടിയിലായ കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബൾക്കീസ് എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ഇവർക്ക് മൊത്തമായി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ബന്ധുവായ നിസാം അബ്ദുൾഗഫൂറിനെക്കുറിച്ച് വിവരം ലഭിച്ചത്.
Post a Comment