തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ ( എൽ.ജെ.ഡി.) ഈമാസം 30-ന് രാജി സമർപ്പിക്കും. മുന്നണി ധാരണപ്രകാരമുള്ള അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേവലം 11 മാസമാണ് ഇദ്ദേഹത്തിന് പ്രസിഡന്റാകാൻ കഴിഞ്ഞത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് എം.എൽ.എ. യായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡൻറായിരുന്ന കേരള കോൺഗ്രസിലെ മേരി തങ്കച്ചൻ പ്രസിഡന്റ് ഇൻ ചാർജായി ഏതാനുംമാസങ്ങൾ തുടർന്നെങ്കിലും എല്ലാ കക്ഷികളേയും പരിഗണിക്കുക എന്ന ഇടതുമുന്നണിയുടെ പുതിയ നയത്തിന്റെ ഭാഗമായി ഏക അംഗമുള്ള എൽ.ജെ.ഡി. പ്രതിനിധിക്ക് പ്രസിഡന്റ് പദവി നൽകുകയായിരുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ കാർഷികമേഖലയിൽ ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി ജോസ് തോമസ് മാവറ അറിയിച്ചു.
ലിന്റോ ജോസഫിന്റെ വാർഡായ കൂമ്പാറയിൽ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച സി.പി. എം. ലോക്കൽ കമ്മിറ്റി അംഗം ആദർശ് ജോസഫ് ആയിരിക്കും അടുത്ത പ്രസിഡന്റ്. പാർട്ടിയിൽ ഇതുസംബന്ധിച്ച് തീരുമാനമായതായി ലോക്കൽസെക്രട്ടറി ജലീൽ കൂടരഞ്ഞി അറിയിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ജോസ് തോമസ് മാവറയ്ക്ക് സ്ഥിരംസമിതി അധ്യക്ഷപദവി നൽകാൻ മുന്നണിയിൽ ധാരണയായതായി അറിയുന്നു.
Post a Comment