കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം നഗരം സന്ദർശിക്കുന്നതിനായി എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങുന്നു. ഇന്ന് (തിങ്കളാഴ്ച) മുതലാണ് നഗരത്തിന്റെ സൗന്ദര്യവും പ്രധാന സ്ഥലങ്ങളും കാണാവുന്ന തരത്തിൽ പകലും രാത്രിയും ട്രിപ്പുകൾ നടത്തുന്നത്.
ഡബിൾ ഡക്കർ ബസിന്റെ രണ്ടാംനിലയുടെ മേൽക്കൂര മാറ്റി സഞ്ചാരികൾക്ക് കാഴ്ചകൾ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂർസ് ആണ് സഞ്ചാരികൾക്ക് ഈ സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6.45-ന് കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച്് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും.
വിദേശരാജ്യങ്ങളിലേതുപോലെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽത്തന്നെ ആദ്യത്തേതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ് നടത്തുന്നത്.
നിലവിൽ വൈകുന്നേരം അഞ്ചു മുതൽ 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പത് മുതൽ നാലുവരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സർവീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.
യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുടെ ടിക്കറ്റെടുത്താൽ മതി.
കടപ്പാട്
Post a Comment