ന്യൂഡല്‍ഹി: കോൺഗ്രസ് അംഗത്വം ചേര്‍ക്കാനുള്ള കാലാവധി അവസാനിക്കുമ്പോള്‍ രാജ്യത്തിടുനീളം 3.94 കോടിയോളം ആളുകള്‍ അംഗത്വം എടുത്തതായി റിപ്പോർട്ടുകൾ.
രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തിരിക്കുന്നത് കര്‍ണാടകയാണ്. 70 ലക്ഷ പേരാണ് കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ഭാഗമായിരിക്കുന്നത്. തലങ്കാന 39 ലക്ഷം, മഹാരാഷ്ട്ര 32 ലക്ഷം, രാജസ്ഥാന് 18 എന്നിങ്ങനെയാണ് കണക്കുകള്‍.
പുതുതായി ആകെ 2.6 കോടി പേര് ഡിജിറ്റല്‍ അംഗത്വം എടുത്തതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കടലാസ് അംഗത്വം വഴി 3 കോടി പേര് അംഗത്വം എടുത്തെന്നാണ് കണക്ക്. നിലവിൽ രണ്ടരകോടി അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.
അതേ സമയം കേരളം അംഗത്വ വിതരണത്തില്‍ അഞ്ചാം സ്ഥാനത്താണ്. സംസ്ഥാനത്ത് 13 ലക്ഷം ആളുകളാണ് അംഗങ്ങളായത്. 50 ലക്ഷം അംഗത്വ സംഖ്യയായിരുന്നു നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചപ്പോള്‍ കേരളത്തില്‍ മാര്‍ച്ച് 25ന് ശേഷമാണ് ആരംഭിച്ചത്. പുന:സംഘടനയില്‍ പൂര്‍ണ്ണമായും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം പതുക്കെയാവുകയായിരുന്നു. അവസാനം പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന് ശേഷമാണ് അംഗത്വ വിതരണത്തിന് വേഗത കൈവന്നത്.
കേരളത്തില്‍ ആദ്യമായിട്ടാണ് ഡിജിറ്റല്‍ അംഗത്വ വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഡിജിറ്റല്‍ അംഗത്വം നല്‍കാനായിരുന്നു പദ്ധതി. എന്നാലിത് വേണ്ടത്ര വിജയമായില്ല.
ഇതിന് ശേഷം മാര്‍ച്ച് 24ന് പേപ്പര്‍ രൂപത്തിലുള്ള അംഗത്വ വിതരണം നടത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കുകയായിരുന്നു. കേരളത്തിലെ അംഗത്വ വിതരണം വൈകാനുണ്ടായ കാരണമിതാണെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.
Post a Comment