Apr 23, 2022

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ വരെയുള്ള മേഖലകളിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയുമുള്ളപ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണിവരെയുള്ള സമയത്ത് അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികള്‍ തുറസായ സ്ഥലത്ത് കളിക്കുന്നത് ഒഴിവാക്കണം.

ഇടിമിന്നലുണ്ടായാല്‍ നിര്‍ബന്ധമായും ഗൃഹോപകരണങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വാതിലിനും ജനലിനും സമീപം നില്‍ക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only