മുക്കം: ദൃശ്യ മാധ്യമങ്ങളുടെയും മൊബൈൽ ഫോണുകളുടെയും രംഗ പ്രവേശത്തോടെ പിന്നാക്കംപോയ റേഡിയോയെ പ്രൗഢിയുടെ പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുവരാനൊരുങ്ങി ഒരു ഗ്രാമം. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡാണ് സമ്പൂർണ റേഡിയോ ഗ്രാമമായി മാറുന്നത്.
ഗ്രാമപ്പഞ്ചായത്ത് അംഗം സുനിത രാജന്റെ വേറിട്ട വികസന വീക്ഷണത്തിലുരുത്തിരിഞ്ഞതാണ് ഈ ആശയം. 'എന്റെ വാർഡ് എന്റെ അഭിമാനമാണ്' എന്നപേരിൽ തയാറാക്കിയ പത്തിനപരിപാടികളുടെ ഭാഗമായാണ് മുഴുവൻ കുടുംബങ്ങളിലും റേഡിയോ എത്തിക്കുന്ന 'എന്റെ ആകാശവാണി' പദ്ധതി നടപ്പാക്കുന്നത്.
റേഡിയോ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്ന പഴയകാലത്തിന്റെ മധുരമുള്ള ഓർമകൾക്ക് പുതുജീവൻ നൽകുന്നതാണ് 'എന്റെ ആകാശവാണി' പദ്ധതി. നെടിയിൽ മുഹമ്മദിന്റെ കുടുംബത്തിന് റേഡിയോ നൽകി സുനിത രാജൻ ഉദ്ഘാടനം നിർവഹിച്ചു.
പി.പി. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു.ആകാശവാണിയിലെ വാർത്തവായനക്കാരൻ ഹക്കീം കൂട്ടായി മുഖ്യാതിഥിയായിരുന്നു. സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്, അഷ്റഫ്
തച്ചാറമ്പത്ത്, റുഖിയ റഹീം, എ.പി. മുരളീധരൻ, എം.ടി. അശ്റഫ്, എം.ടി. സൈദ് ഫസൽ, വി.എൻ. ജംനാസ്, ഇ.പി. ബാബു, കെ.കോയ, ഗസീബ് ചാലൂളി, അമീന ബാനു എന്നിവർ സംസാരിച്ചു. സമാൻ ചാലൂളി സ്വാഗതവും മുജീബ് കറുത്തേടത്ത് നന്ദിയും പറഞ്ഞു.
Post a Comment