സംസ്ഥാനത്തെ 406 വില്ലേജുകള്‍ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്നതായി സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടുംസംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കാട്ടുപന്നികള്‍ കടുവകളുടെയും പുള്ളിപ്പുലികളുടെയും പ്രധാന ഇരയായതിനാലാണിത്. കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത്, വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാന്‍ അനുവദിച്ച ഉത്തരവ് 2022 മെയ് 17 മുതല്‍ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
റേഞ്ച് ഓഫീസര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ലൈസന്‍സുള്ള തോക്കുള്ള കര്‍ഷകര്‍ക്ക് മാത്രമേ കാട്ടുപന്നികളെ കൊല്ലാന്‍ അനുവാദമുള്ളൂ. അതിനിടെ, വന്യജീവി സംരക്ഷണ നിയമ ഭേദഗതിയില്‍ നിന്ന് ക്ഷുദ്രജീവി വിഭാഗത്തെ ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി കര്‍ഷകർ ആരോപിച്ചു.
"നിർദ്ദിഷ്‌ട നിയമത്തിന്റെ 62-ാം വകുപ്പ് അനുസരിച്ച് ഒരു ജീവിവർഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ വ്യക്തമല്ല.കഴിഞ്ഞ 15 മാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 21 പേര്‍ മരിക്കുകയും 103 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാട്ടില്‍ കയറി കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല.
കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിക്കുകയും കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു'' കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ പറഞ്ഞു.
Post a Comment