ഹൈദരാബാദ് • കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മയുടെ ‘അറ്റകൈ പ്രയോഗം’. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെയാണ് അമ്മ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് കണ്ണിൽ മുളകു തേച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കഞ്ചാവിന് അടിമയായ മകൻ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നതായി ‘തെലങ്കാന ടുഡേ’ റിപ്പോർട്ട് ചെയ്തു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണിൽ മുളകു തേക്കാൻ അമ്മ മുതിർന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു കണ്ണിൽ മുളകു തേക്കാൻ അമ്മ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. മകൻ പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് അമ്മ മുളകു തേച്ചത്.
കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല. അമ്മയുടെ പ്രവൃത്തിയെ സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം ആളുകൾ അനുകൂലിക്കുമ്പോൾ, മകനോട് അമ്മ ചെയ്തത് ക്രൂരതയാണെന്ന മറുവാദവുമുണ്ട്. കഞ്ചാവിന് അടിമയായ മകനെ ഇങ്ങനെ ശിക്ഷിച്ചതിൽ തെറ്റില്ലെന്നാണ് ന്യായീകരിക്കുന്നവർ പറയുന്നത്
Post a Comment