മുക്കം: സൗന്ദര്യ വൽക്കരണ പ്രവൃത്തികൾ വ്യാപാരികൾക്ക് ദുരിതം സമ്മാനിക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. കരാറുകാരന്റെ അനാസ്ഥ മൂലം വ്യാപാരികൾ പൊറുതിമുട്ടുന്നതായി ചൂണ്ടിക്കാട്ടി വ്യാപാരികൾ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഒന്നര വർഷം മുമ്പ് ആരംഭിച്ച സൗന്ദര്യവൽക്കരണ പ്രവൃത്തി നീളുകയാണ്. 600 മീറ്റർ പ്രവൃത്തിക്ക് 7.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
പ്രവൃത്തി മൂലം രൂക്ഷമായ പൊടിശല്യമാണ്. ഇത് പരിഹരിക്കാതെയാണ് പ്രവൃത്തി. നിർമാണ സാമഗ്രികൾ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും റോഡരികിലും അലക്ഷ്യമായി കൂട്ടിയിടുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്.വിഷു, റംസാൻ, പെരുന്നാൾ വിപണി സജീവമാകുന്നതിന് മുൻപ് പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൊടിശല്യം മൂലം കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങൾ നശിച്ച് കൊണ്ടിരിക്കുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കർശന നടപടി വേണമെന്ന ആവശ്യവുമായാണ് സമിതി പ്രവർത്തകർ പ്രകടനവും യോഗവും നടത്തിയത്. ലിന്റോ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ പി.ടി ബാബു എന്നിവർക്ക് നിവേദനവും നൽകി. സമിതി മേഖല പ്രസിഡന്റ് കെ നളേശൻ ഉദ്ഘാടനം ചെയ്തു. കെ.എം കുഞ്ഞവറാൻ ആധ്യക്ഷ്യം വഹിച്ചു. ശശിധരൻ ഊരാളിക്കുന്നത്ത്, കെ.പി മുഹമ്മദ്, ടി.എ അശോക്, ജയ്സൺ കാക്കശ്ശേരി, എ.കെ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.
Post a Comment