Apr 2, 2022

ഈ ആറു കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും


ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ അടങ്ങിയ രക്തം പമ്പ്  ചെയ്യുന്ന വളരെ ലോലമായ ഒരു അവയവമാണ് ഹൃദയം. ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ദീര്‍ഘവും രോഗമുക്തവുമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം, നിത്യവുമുള്ള വ്യായാമം എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. എന്നാല്‍ ഇതിനൊപ്പം ഹൃദയാരോഗ്യത്തിന് ഹാനികരമായ ചില പ്രവൃത്തികള്‍ കൂടി നാം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. പുറമേയ്ക്ക് നിര്‍ദ്ദോഷകരമെന്ന് തോന്നിയാല്‍ പോലും ഇവ ദീര്‍ഘകാലത്തേക്ക് ഹൃദയാരോഗ്യത്തെ വിനാശകരമായി ബാധിക്കും. 
ഇനി പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഹൃദയം ആരോഗ്യത്തെ ഇരിക്കാന്‍ സഹായിക്കും. 
1. ദീര്‍ഘനേരമുള്ള ഇരുപ്പ് 
ഒരേയിടത്തില്‍ ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് ഗവേഷണപഠനങ്ങള്‍ പറയുന്നു. ഒരു ദിവസം അഞ്ച് മണിക്കൂറിലധികം നേരം ഇരിക്കുന്നവര്‍ക്കും അധികം ചലിക്കാത്തവര്‍ക്കും ഹൃദയാരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹൃദയത്തെ കൂടുതല്‍ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും  അഞ്ച് മിനിട്ടെങ്കിലും നടക്കേണ്ടതാണ്. 
2. ഫ്ളോസ് ചെയ്യാതിരിക്കുന്നത്
പല്ലുകള്‍ ഫ്ളോസ് ഒക്കെ ചെയ്ത് ആരോഗ്യത്തോടെ സംരക്ഷിക്കാതിരിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. മോശം ദന്താരോഗ്യം ഹൃദയത്തിന് മാത്രമല്ല വൃക്കകള്‍ക്കും പണി തരാം. ദിവസവും ഫ്ളോസ് ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ജേണല്‍ ഓഫ് പെരിഡോണ്ടല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പല്ലിലും മോണയിലും പ്രശ്നങ്ങളുണ്ടാക്കുന്ന ബാക്ടീരിയ ശരീരത്തില്‍ അണുബാധയുണ്ടാക്കി ഹൃദ്രോഗ സാധ്യത ഉയര്‍ത്താം. വായിലെ മറഞ്ഞിരിക്കുന്ന ബാക്ടീരിയയെ നീക്കം ചെയ്യാന്‍ ഫ്ളോസിങ്ങ് സഹായിക്കും. 

3. ഏകാന്തത
മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് മനുഷ്യരുടെ ഏകാന്തത കാരണമാകും. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം കൂടുതല്‍ സമയം ചെലവിടുന്നത് സമ്മര്‍ദം കുറയ്ക്കുകയും ആയുസ്സ് നീട്ടുകയും ചെയ്യും. ജോലിയുടെയും മറ്റും ഭാഗമായി ദൂരസ്ഥലങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നവര്‍ ഒരു വളര്‍ത്തു മൃഗത്തെയെങ്കിലും കൂടെ കൂട്ടേണ്ടതാണ്. 
4. സന്തോഷകരമല്ലാത്ത ബന്ധങ്ങള്‍
സന്തോഷകരമല്ലാത്ത, വിഷമയമായ ബന്ധങ്ങളില്‍ തുടരുന്നത് ഹൃദയപ്രശ്നങ്ങളുണ്ടാക്കും. ഇത് സമ്മര്‍ദമേറ്റുകയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആരോഗ്യകരവും സന്തോഷകരവുമായ ബന്ധങ്ങള്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും അത്യാവശ്യമാണ്. 
5. അമിതമായ വ്യായാമം
ഹൃദയാരോഗ്യത്തിന് വ്യായാമം വളരെ നല്ലതാണ്. പക്ഷേ, ഇത് അമിതമാകാന്‍ പാടില്ല. ഒരു സമയത്ത് അത്യധികമായ തോതില്‍ വ്യായാമം ചെയ്യുന്നതും വളരെ നാളുകള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസം അമിതമായി ശരീരമിളക്കുന്നതും ഹൃദയത്തിന് സമ്മര്‍ദമേറ്റും. ഇതിനാല്‍ വ്യായാമം ചെയ്യുമ്പോൾ  പതിയെ തുടങ്ങി പടിപടിയായി വ്യായാമത്തിന്‍റെ നേരവും അധ്വാനവും ഉയര്‍ത്തുകയാണ് വേണ്ടത്. 
6. അമിതമായ ഉപ്പ്
ഭക്ഷണത്തില്‍ ആവശ്യത്തിലും അധികം ഉപ്പ് ചേര്‍ക്കുന്നത് രക്ത സമ്മര്‍ദം വര്‍ധിപ്പിക്കുകയും ഹൃദ്രോഗ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് എന്നിവയും ഹൃദയത്തെ അവതാളത്തിലാക്കും. ഒരു ദിവസം അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

കടപ്പാട് :

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only