തൃശൂർ- കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. കുന്നംകുളം അയിനൂർ സ്വദേശികളായ സുഷിത്, നിഖിൽദാസ്, അതുൽ, അഷീദ്, മുഹമ്മദ് യാസീൻ എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
തൊട്ടിൽപ്പാലം-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിന് മുന്നിലാണ് യുവാക്കൾ മൂന്ന് ബൈക്കുകളുമായി അഭ്യാസപ്രകടനം നടത്തിയത്. തൃശൂരിലെ പെരുമ്പിലാവ് മുതൽ കുന്നംകുളം വരെ യാത്ര തടസ്സപ്പെടുത്തുംവിധം ഈ പ്രകടനം തുടർന്നു. ഒടുവിൽ ബസ് കുന്നംകുളം അസി. കമ്മീഷണറുടെ ഓഫീസ് വളപ്പിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് യുവാക്കൾ പിന്മാറിയത്.
ശല്യം രൂക്ഷമായതോടെ ബസ് പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് തിരിക്കുകയായിരുന്നു. ഇതോടെ ബൈക്കുകളിലെത്തിയ യുവാക്കൾ കടന്നുകളഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കളെയും പിടികൂടിയത്.
Post a Comment