Apr 13, 2022

കോടഞ്ചേരിയിൽ CPl (M) വിശദീകരണ യോഗം നടത്തി.മിശ്രവിവാഹത്തിനെതിരെ പ്രതിഷേധിച്ചത് കോൺഗ്രസ്, ഞാനാണ് കല്യാണത്തിന് വഴിയൊരുക്കിയതെന്ന് ചിലർ കുറ്റപ്പെടുത്തി: ജോർജ് എം തോമസ്


മിശ്രവിവാഹത്തിന് സിപിഎം പശ്ചാത്തലമൊരുക്കിയെന്ന് ആരോപിച്ച് പ്രതിഷേധ റാലി സംഘടിപ്പിച്ചത് കോൺഗ്രസാണെന്നും മിശ്രവിവാഹം ചെയ്തവർ തന്റെ വീട്ടിൽ ഒളിവിലിരുന്നു എന്ന് പറഞ്ഞു ചിലർ കുറ്റപ്പെടുത്തിയെന്നും സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസ്. നാവിന്റെ പിഴ മനസിന്റെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ വെല്ലുവിളികൾ ഉയർന്നു വരുമ്പോൾ നാം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ തിരുത്താൻ പാർട്ടിയേക്കാൾ വലിയ ആളില്ലെന്നും ഇനി പിഴവ് പറ്റാതിരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ തന്നെ യോഗത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികൾ വീട്ടിലെത്താതിരിക്കുമ്പോൾ രക്ഷിതാക്കൾ സ്വഭാവികമായി പൊലീസിൽ പരാതി നൽകുമെന്നും ഷെജിൻ മാറി നിന്നത് പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും ഇവർ ആരെയും അറിയിക്കാതെ സ്ഥലം വിടേണ്ടിയിരുന്നില്ലെന്നും പി. മോഹനൻ മാസ്റ്റർ പറഞ്ഞു. പെൺകുട്ടിയുടെയും കുടുംബവുമായി ചർച്ച നടത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കിൽ അവരുടെ വീട്ടുകാർക്കൊപ്പം നിൽക്കുമായിരുന്നുവെന്നും ഇത്തരം കാര്യങ്ങളിൽ പെൺകുട്ടിയുടെ അഭിപ്രായമാണ് പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലെ ഒരു വിഭാഗം മുൻ കൈയെടുത്ത് സംഭവത്തെ സിപി എമ്മിനെതിരായി ചിത്രീകരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൗ ജിഹാദ് ആർഎസ്എസ്സിന്റെ അജണ്ടയാണന്നും വിഷയത്തിൽ ജോർജ് എം തോമസിന്റെ ഭാഗത്ത് നിന്ന് ചെറിയ നയവ്യതിയാനം വന്നുവെന്നും മോഹനൻ വ്യക്തമാക്കി. പ്രായ പൂർത്തിയായ ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാൻ അവകാശം ഉണ്ടന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.




ഡിവൈഎഫ്‌ഐ നേതാവ് ഷിജിന്റെ മിശ്ര വിവാഹം പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്ന്‌ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് അഭിപ്രായപ്പെട്ടിരുന്നു. ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ തിരിയാൻ കാരണമായി. പ്രണയം ഷിജിൻ പാർട്ടിയെ അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് എം തോമസ് നേരത്തെ പരാമർശിച്ചിരുന്നു. എന്നാൽ തനിക്ക് പിഴവു പറ്റിയെന്ന് വ്യക്തിമാക്കി ജോർജ് എം തോമസ് പിന്നീട് രംഗത്തു വന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only