May 29, 2022

റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി ; ഗ്രാമീണമേഖലകളിൽ 1000 കെ സ്‌റ്റോർ


റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ 60 ശതമാനം കാർഡുടമകൾക്കെങ്കിലും ജയ ലഭ്യമാക്കും. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അരി സംസ്ഥാനത്തെ എഫ്സിഐ ഗോഡൗണിൽ എത്തിച്ചു. പൊതുവിതരണവകുപ്പ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമീണമേഖലകളിൽ 1000 കെ–- സ്റ്റോർ ആരംഭിക്കും. ജൂണിൽ പദ്ധതി യാഥാർഥ്യമാക്കും. ഭക്ഷ്യവകുപ്പിന്റെ സബ്സിഡി ഉൽപ്പന്നങ്ങൾക്കു പുറമെ ബാങ്ക്, എടിഎം, അക്ഷയ, മിൽമ, സപ്ലൈകോ, ഗ്യാസ് ഏജൻസി തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതാണ് കെ–- സ്റ്റോർ. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 2.54 ലക്ഷം കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകി. അനർഹർ കൈവശംവച്ച 1.72 ലക്ഷം മുൻഗണനകാർഡ് റദ്ദാക്കി.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയിട്ടില്ല. ജയ അരി, മുളക് എന്നീ അപൂർവം ചിലതിന്റെ വിലയിൽ മാത്രമാണ് വ്യത്യാസം. 500 മൊത്തവ്യാപാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. അവിടങ്ങളിൽ പൂഴ്ത്തിവയ്പില്ലെന്ന് കണ്ടെത്തി. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നുമില്ല.

കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പായതോടെ ഭക്ഷ്യധാന സബ്സിഡി ആനുകൂല്യം 43 ശതമാനം പേർക്കായി പരിമിതപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം ജൂൺ ഒന്നുമുതൽ 57 ശതമാനം പേർക്ക് ഗോതമ്പ് കിട്ടില്ല. മണ്ണെണ്ണയും കേന്ദ്രം പരിമിതപ്പെടുത്തി. ഈ നടപടി ജനജീവിതം ദുരിതത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only