May 20, 2022

കാസര്‍കോട് ദേശീയ പാത നിർമ്മാണം നിർത്തിവച്ച് കാവലിരുന്നു, പാമ്പിൻ മുട്ടകൾ കുഞ്ഞുങ്ങളായി, 24 എണ്ണം


കാസര്‍കോട്: കാസര്‍കോട് ദേശീയ പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ് ഒരു വിരുതൻ, പെരുമ്പാമ്പ്. തൊഴിലാളികള്‍ ജോലിക്കിടെ മുട്ടകള്‍ക്ക് കാവലിരിക്കുന്ന പെരുമ്പാമ്പിനെ കണ്ട് ആദ്യം പേടിച്ചു. പിന്നീട് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പിന്‍റെ സഹകരണത്തോടെ പെരുമ്പാമ്പിന്റെ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ചിരിക്കുകയാണിപ്പോൾ. അടുക്കത്ത്ബയല്‍ സ്വദേശി അമീനാണ് ഇതിന് നേതൃത്വം നല്‍കിയത്.
ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി സിപിസിആര്‍ഐക്ക് സമീപം കലുങ്ക് നിര്‍മ്മാണത്തിനിടെയാണ് തൊഴിലാളികള്‍ ആ കാഴ്ച കണ്ടത്. വലിയൊരു പെരുമ്പാമ്പ്. മാളത്തില്‍ മുട്ടകള്‍ക്ക് മേല്‍ അടയിരിപ്പാണ്. ഇനി എന്തു ചെയ്യുമെന്നായി തൊഴിലാളികള്‍. ഒന്നും ചെയ്യല്ലേയെന്ന് നിര്‍മ്മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ‍്ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു.

ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. സ്നേക്ക് റെസ്ക്യൂവറായ അമീന്‍ സ്ഥലത്തെത്തി. പെരുമ്പാമ്പിന് അതേ മാളത്തില്‍ അടയിരിക്കാനുള്ള സൗകര്യം ഒരുക്കി. കലുങ്ക് നിര്‍മ്മാണം നിര്‍ത്തി വച്ചു. 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പെരുമ്പാമ്പിന്‍റെ മുട്ട വിരിയാൻ വേണ്ടത്. അമ്മപാമ്പിന്‍റെ ചൂട് തന്നെ വേണം അതിന്. 

54 ദിവസം പിന്നിട്ടപ്പോൾ മുട്ടകള്‍ വിരിഞ്ഞു തുടങ്ങി. മുട്ടകള്‍ വിരിഞ്ഞ് തുടങ്ങിയാല്‍ അമ്മ പാമ്പിന്‍റെ സാനിധ്യമില്ലെങ്കിലും കുഴപ്പമില്ല. അങ്ങനെ മുട്ടകള്‍ അവിടെ നിന്ന് മാറ്റി. അവസാനം എല്ലാം വിരിഞ്ഞു, ആരോഗ്യവാന്മാരായ 24 പാമ്പിൻ കുഞ്ഞുങ്ങള്‍. അമീനും തൊഴിലാളികള്‍ക്കും വനംവകുപ്പ് അധികൃതര്‍ക്കും സന്തോഷം. 24 കുഞ്ഞുങ്ങളേയും വനംവകുപ്പ് കാട്ടിലേക്ക് വിട്ടയച്ചു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only