മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77–ാം പിറന്നാൾ. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്. പതിവുപോലെ ഇക്കുറിയും ജന്മദിനത്തിൽ ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് പിണറായി വിജയന്റെ ജന്മദിനം. അഞ്ച് വർഷം മുൻപ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തലേന്നാളാണ് തന്റെ യഥാർഥ ജനനത്തീയതി ആദ്യമായി അദ്ദേഹം തുറന്നു പറഞ്ഞത്. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. 15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്.
ആരാണ് യഥാർത്ഥത്തിൽ പിണറായി?
നിശ്ചയ ദാർഢ്യത്തിന്റെ ആൾരൂപമാണ് പിണറായി എന്ന് കടുത്ത എതിരാളികൾ പോലും സമ്മതിച്ചു പോകും. പിണറായിയുടെ നീരസം ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞത് ഒരുപക്ഷേ മാദ്ധ്യമങ്ങളായിരിക്കും. എതിരാളികൾക്കു നേരെയും മയമൊട്ടുമില്ലാതെ വിമർശന ശരങ്ങൾ എയ്യാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. അനുഭാവികളാകട്ടെ അത് പ്രചാരണായുധമാക്കുകയും ചെയ്യാറുണ്ട്. എതിർപ്പുകളോ പ്രതികൂലാനുഭവമോ കാരണം മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കുന്ന ശീലമില്ലാത്തതാണ് പിണറായി വിജയന്റെ നേതൃശേഷിയുടെ സവിശേഷത. കാലത്തിനനുസരിചച് സ്വയം നവീകരിക്കാൻ കഴിഞ്ഞു എന്നത് പിണറായിയുടെ വിജയഘടകങ്ങളിലൊന്നാണ്. സമയനിഷ്‌ട കണിശമായി പാലിക്കുക എന്നത് എന്നും പിണറായിയുടെ ഒരു ശീലമാണ്. പാർട്ടിയോഗമാണെങ്കിലും, വാർത്താ സമ്മേളനമാണെങ്കിലും അതിൽ മാറ്റമില്ല. ഇതിനൊപ്പം തന്നെയാണ് ദിനചര്യകളും കൊണ്ടുപോകുന്നത്. പുസ്‌തക വായനക്കും സിനിമാ ആസ്വാദനത്തിനുമടക്കം അവിടെ സ്ഥാനമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
Post a Comment