താമരശ്ശേരി : താമരശ്ശേരിയിൽ വൻ നിരോധിത പുകയില ഉത്‌പന്നവേട്ടയുമായി എക്‌സൈസ്. താമരശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. ലാലുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനയിൽ 840 കിലോയോളംവരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്ന് ഉള്ളികയറ്റിവരുകയായിരുന്ന പിക്കപ്പ് വാനിൽ ഒളിപ്പിച്ചുകടത്തിയ 24 ചാക്ക് പുകയില ഉത്‌പന്നങ്ങളാണ് എക്‌സൈസ് സർക്കിൾ ഓഫീസ് സംഘം കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ചുങ്കത്തുവെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം എരമംഗലം വെളിയംകോട് തെരുവത്ത് വീട്ടിൽ ദുൽക്കർ (32), മലപ്പുറം എരമംഗലം വെളിയംകോട് തോണിക്കടവ് വീട്ടിൽ സലീം (32) എന്നിവരെ പിന്നീട് പിഴചുമത്തി വിട്ടയച്ചു.
നിരോധിത പുകയില ഉത്‌പന്നങ്ങൾ കസ്റ്റഡിയിലെടുത്തതായും അത് പിന്നീട് നശിപ്പിക്കുമെന്നും എക്‌സൈസ് സി.ഐ. അറിയിച്ചു.
Post a Comment