ചെറുവത്തൂർ(കാസർകോട്): ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഷവർമ വില്പന നടത്തിയ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ല. ചെറുവത്തൂർ ടൗണിലെ ഐഡിയൽ ഫുഡ്പോയിന്റാണ് വർഷങ്ങളായി ലൈൻസില്ലാതെ, ഷവർമ ഉൾപ്പെടെ വിൽക്കുന്നത്. ചന്തേരയിലെ പി.പി.കുഞ്ഞഹമ്മദാണ് ഉടമസ്ഥൻ. പിലാവളപ്പിൽ അനക്സ് (40) ആണ് സ്ഥാപനം നടത്തുന്നത്. സംഭവത്തെത്തുടർന്ന് ചന്തേര പോലീസ് നടത്തിയ പരിശോധനയിലാണ് ഷവർമ വിൽക്കാൻ ലൈസൻസിനായി അപേക്ഷ നൽകിയതേയുള്ളൂവെന്ന് തെളിഞ്ഞത്. സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യക്ക് അനക്സ്, ഷവർമയുണ്ടാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് (30) എന്നിവർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാവിലെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ-ചീമേനി, കരിവെള്ളൂർ പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവരമറിഞ്ഞതോടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചെറുവത്തൂരിലെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. തൃക്കരിപ്പൂർ താലൂക്കാസ്പത്രി മെഡിക്കൽ ഓഫീസർ ഡോ. വി.സുരേശൻ, ചെറുവത്തൂർ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡി.ജി.രമേഷ് എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.
പരാതി രാവിലെയെത്തി; പിന്നാലെ മരണവും
ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഒരാൾ വിളിച്ച് പരാതിപ്പെട്ടിരുന്നതായി കാസർകോട്ടെ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ജോൺ വിജയകുമാർ പറഞ്ഞു. അതനുസരിച്ച് ഞായറാഴ്ച രാവിലെ 11.30-ഓടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കടയിലെത്തി സാമ്പിൾ ശേഖരിച്ച് കടപൂട്ടിയിരുന്നു. ഉച്ചയോടെയാണ് ഇ.വി.ദേവനന്ദ മരിച്ചത്. അപ്പോഴേക്കും ഭക്ഷ്യവിഷബാധയുമായി ഏറെപ്പേർ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു. സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫലം പെട്ടെന്ന് ലഭിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ജോൺ വിജയകുമാർ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളിൽ മായം, ജീവപര്യന്തംവരെ കിട്ടാവുന്ന കുറ്റം...
കാസർകോട്: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് ആക്ട് 2006-ൽ നിലവിൽ വന്നു. ചട്ടങ്ങളും നിർദേശങ്ങളും 2011-ൽ വന്നു. 2012 മുതൽ നിയമം നടപ്പാക്കിത്തുടങ്ങി. അതനുസരിച്ച് സുരക്ഷിതമല്ലാതെ ഭക്ഷണം വിൽക്കുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയോ ചെയ്താൽ ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. പരിക്കിന്റെ കാഠിന്യമനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തിൽ മായം ചേർക്കുന്നതും പഴകിയ ഭക്ഷണം വിൽക്കുന്നതും നിർബാധം തുടരുകയാണ്. അതിലേക്കാണ് ചെറുവത്തൂർ സംഭവവും വിരൽചൂണ്ടുന്നത്.
ഭക്ഷ്യോത്പാദന സംഭരണ വിതരണമേഖലകളിലെ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. പലയിടത്തും കച്ചവടക്കാർ ലൈസൻസ് പുതുക്കാറില്ല. അത്തരം നടപടി ശ്രദ്ധയിൽ പെട്ടാൽ നോട്ടീസ് നൽകാറുണ്ടെങ്കിലും പലരും അവഗണിക്കുകയാണ് പതിവ്. ലൈസൻസെടുക്കാതെ പ്രവർത്തിക്കുന്നവരും ഈ രംഗത്തുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് പരിശോധനയ്ക്കും നടപടിക്കും തടസ്സമാകാറുമുണ്ട്.
കടൽകടന്ന് വന്ന ഭക്ഷണം
ഓട്ടോമൻ തുർക്കികളുടെ ഇഷ്ടഭക്ഷണമായ ഷവർമ ഇന്ന് നാടുംനഗരവുമെന്ന വ്യത്യാസമില്ലാതെ ബേക്കറികൾക്കും ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകൾക്കും മുന്നിൽ കാണാം. രുചികൊണ്ടും വ്യത്യസ്തത കൊണ്ടും യുവാക്കളെ ആകർഷിക്കുന്ന ഈ വിഭവം വില്ലനായി മരണത്തിനുവരെ ഇടയാകുകയാണ്. ഷവർമയ്ക്ക് കുഴപ്പമുണ്ടായതുകൊണ്ടല്ല അത്. ഉണ്ടാക്കുന്ന രീതിയിലെ പ്രശ്നങ്ങളാണ് അതിനെ വില്ലനാക്കുന്നത്.
വൈകുന്നേരങ്ങളിലാണ് പൊതുവേ ഷവർമ വിൽപ്പനകേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങുന്നത്. നിരത്തുവക്കിൽ പൊടിയും വാഹനങ്ങളിൽ നിന്നുള്ള പുകയുമേറ്റ് തിരിയുന്ന ഇറച്ചി യുവാക്കളുടെ ഹരമായി മാറിയത് അടുത്തിടെയാണ്. പ്രിയഭക്ഷണം എന്ന പേരിനൊപ്പം അതിന്റെ അപകടവും സംസ്ഥാനം രുചിച്ചുതുടങ്ങിയിരുന്നു.
പ്രധാന കാരണം അശ്രദ്ധ
ഉണ്ടാക്കുന്നതിലെ അശ്രദ്ധയും ശരിയായി വേവിക്കാത്തതുമാണ് ഷവർമയെ കുഴപ്പക്കാരനാക്കുന്നത്. ഗ്യാസ് അടുപ്പിനോടുചേർന്ന് കമ്പിയിൽ തൂക്കിയിട്ട് ബർണറിലെ ചൂടേറ്റാണ് ഷവർമ വേവുന്നത്. തീ നന്നായി കത്തിയാലേ ഇറച്ചി വേവുകയുള്ളൂ. ഷവർമ ചെത്തിയെടുക്കാനും വേവിക്കാനും ചില വ്യവസ്ഥകളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഒരു സെന്റീമീറ്ററിന്റെ നാലിലൊന്ന് കനത്തിലേ ഷവർമ ചെത്തിയെടുക്കാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. നേരിയ അളവിൽ ചെത്തുമ്പോൾ ബാക്കി ഭാഗം മൂന്നോ നാലോ മിനിട്ടുകൊണ്ട് നന്നായി വേവും. ബർണറിനോട് ചേർന്നുള്ള ഭാഗത്തുനിന്ന് മാത്രമേ ഇറച്ചി ചെത്തിയെടുക്കാനും പാടുള്ളൂ. ശരിയായി വേവാത്ത മാംസം കഴിക്കുമ്പോൾ വയറുവേദനയും ഛർദി ഉൾപ്പെടെയുള്ള അസ്വസ്ഥതകളും ഉണ്ടാകുന്നു.
കുഴപ്പമുണ്ടാക്കാം മയോണൈസും
ഷവർമയ്ക്ക് രുചി പകരുന്ന പ്രധാന വസ്തുവാണ് മയോണൈസ്. ഭക്ഷ്യവിഷബാധയുണ്ടാവുന്നതിന് മയോണൈസ് പ്രധാന കാരണമാകാറുണ്ട്. കോഴിമുട്ടയുടെ വെള്ള, വെളുത്തുള്ളി, സൂര്യകാന്തിയെണ്ണ എന്നിവ ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. പഴകിയാൽ ബാക്ടീരിയ പടർന്നുപിടിക്കുമെന്നതാണ് ഇതിന്റെ കുഴപ്പം. മയോണൈസ് കേടായാൽ ഭക്ഷ്യവിഷബാധ ഉറപ്പാണ്.
ചില റസ്റ്റോറന്റുകാർ മയോണൈസ് ഉണ്ടാക്കിവെച്ച് രണ്ടും മൂന്നും ദിവസം ഉപയോഗിക്കും. അത് അപകടകരമാണെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഓരോ ദിവസത്തേക്കും അന്നന്നുതന്നെ ഉണ്ടാക്കണമെന്ന് അവർ നിർദേശിക്കുന്നു.
വില്ലനാകുന്നത് ബാക്ടീരിയ
'സൽമോണല്ല' എന്ന ബാക്ടീരിയയുടെ അളവ് കൂടുന്നതാണ് ഷവർമ പോലുള്ള മാംസാഹാരം കഴിക്കുമ്പോൾ ഭക്ഷ്യവിഷബാധയുണ്ടാകാൻ പ്രധാന കാരണം. ഇത് പെട്ടെന്ന് മരണത്തിനിടയാക്കില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാക്കും.
പഴകിയ മാംസത്തിലും വേവിച്ച ശേഷം ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മാംസത്തിലുമാണ് ഈ വില്ലൻ ബാക്ടീരിയ ഉണ്ടാകുന്നത്. ബാക്കിവരുന്ന വേവിച്ച ഭക്ഷണം പിറ്റേദിവസം എടുത്തുപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ചുരുങ്ങിയത് 60 ഡിഗ്രി താപനിലയിൽ കുറച്ചുനേരം ചൂടാക്കിയാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. പക്ഷേ, പലരും തീയിൽ ഒന്ന് കാണിച്ച് എടുക്കുകയാണ് ചെയ്യുന്നത്. അത് തീരെ ചൂടാക്കാത്തതിനെക്കാൾ ദോഷംചെയ്യും. കുറഞ്ഞ താപനിലയിൽ ബാക്ടീരിയ നശിക്കില്ലെന്ന് മാത്രമല്ല അപകടകരമായ രീതിയിൽ പെരുകുകയും ചെയ്യും.
വേവിച്ചതും അല്ലാത്തതുമായ മാംസം ഒരുമിച്ച് ശീതീകരണിയിൽ സൂക്ഷിക്കുന്നതും ബാക്ടീരിയ പടർത്താനിടയാക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്ര തവണ നിർദേശിച്ചാലും പല റസ്റ്റോറന്റുകാരും ഈ ശീലം മാറ്റാറില്ല. ഷവർമ മുഴുവൻ വിറ്റുപോയില്ലെങ്കിൽ ശീതീകരണിയിൽ എടുത്തുവെച്ച് അടുത്തദിവസം ഉപയോഗിക്കുന്നവരുമുണ്ട്. ഇവരൊക്കെയാണ് ഷവർമയെ വില്ലനാക്കുന്നത്.
Post a Comment