May 24, 2022

കമിതാക്കളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി പ്രചരിപ്പിക്കല്‍: തലശ്ശേരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍


കണ്ണൂര്‍ : കമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തും സ്വദേശി അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തലശ്ശേരി പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങളാണ് പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.തങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ട കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിജേഷ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്വകാര്യ ബസ് കണ്ടക്ടറായ അനീഷ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി. ഇതിന് പിന്നാലെയാണ് കമിതാക്കളുടെ പരാതി ലഭിച്ചത്. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെമുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ അപ്‍ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only