കോഴിക്കോട്: നോൺ ഹലാൽ ഇറച്ചി നൽകാത്തതിന് ആക്രമണം നടന്ന പേരാമ്പ്രയിൽ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി പ്രകടനം. ''ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാൽ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാർസലയക്കും ആർ.എസ്.എസ്'' എന്ന പ്രകോപന മുദ്രാവാക്യവുമായാണ് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയത്. ഹലാൽ വിഷയത്തിൽ പേരാമ്പ്രയിൽ നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രസൂൺ, ഹരികുമാർ എന്നിവർക്കെതിരെ കേസെടുത്തിരുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. പ്രസൂൺ റിമാന്റിലാണ്. ഹരികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് ബി.ജെ.പി പ്രകടനം നടത്തിയത്.
കഴിഞ്ഞ വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിൽ ആക്രമണമുണ്ടായത്. നാലംഗ സംഘം ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ഹൈപ്പർ മാർക്കറ്റിലെത്തിയത്. പിന്നീട് മടങ്ങിപ്പോയ ഇവർ ആറുമണിയോടെ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ സൂപ്പർമാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Post a Comment