തിരുവനന്തപുരം : വെടിവച്ചു കൊല്ലുന്നതിനു പകരം കൃഷിടിയിടങ്ങൾക്കു ചുറ്റും കുഴികളോ കിടങ്ങുകളോ ഉണ്ടാക്കി കരിയില വിതറി കെണി ഒരുക്കിയും വീപ്പകളിൽ വെള്ളം നിറച്ചും കാട്ടുപന്നികളെ പിടിക്കാൻ കർഷകർക്ക് അനുമതി നൽകാൻ വനം–തദ്ദേശ വകുപ്പുകളുടെ ഉന്നതതല യോഗത്തിൽ ധാരണ.ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണു കാട്ടുപന്നികളെ പിടികൂടാൻ പുതിയ മാർഗങ്ങൾ മുന്നോട്ടു വച്ചത്. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതു ചർച്ച ചെയ്ത് അംഗീകാരത്തിനായി മുഖ്യമന്ത്രിക്കു കൈമാറി.
സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചോ വിഷം നൽകിയോ വൈദ്യുതി പ്രയോഗിച്ചോ കുരുക്കിട്ടു പിടിച്ചോ കാട്ടുപന്നികളെ കൊല്ലാൻ പാടില്ലെന്നാണു കേന്ദ്ര നിർദേശം. പകരം, കുഴിക്കെണിയുണ്ടാക്കുക, വെള്ളം നിറച്ച വീപ്പകൾ സ്ഥാപിച്ച് പന്നികളെ ഇതിൽ വീഴ്ത്തി പിടിക്കുക എന്നിവയാണ് ഇപ്പോൾ പരിഗണിക്കുന്നത്. പിടിച്ച ശേഷം ഇവയെ എന്തു ചെയ്യണമെന്നതിൽ പക്ഷേ ഇപ്പോഴും വനം വകുപ്പിന് വ്യക്തതയില്ല. മന്ത്രിസഭാ യോഗം നിർദേശം അംഗീകരിച്ച ശേഷം അക്കാര്യത്തിലും വ്യക്തത വരുത്തി മാർഗനിർദേശം ഇറക്കും.
കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും നൽകാൻ വനം വകുപ്പു ശുപാർശ ചെയ്തിരുന്നു. ഇതു സംബന്ധിച്ച ഫയലും വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന് ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ’ പദവിയും സെക്രട്ടറിക്ക് അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ (ഓതറൈസിങ് ഓഫിസർ) പദവിയും നൽകാനാണു ശുപാർശ.
Post a Comment