May 8, 2022

പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം; ലോക മാതൃദിനം


ഇന്ന് ലോക മാതൃദിനം. ജീവിതത്തില്‍ പകര്‍ന്നുകിട്ടുന്ന, പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്‌നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. പൊക്കിള്‍ക്കൊടിയില്‍ നിന്ന് ആരംഭിക്കുന്ന സ്‌നേഹബന്ധത്തിന് മുന്നില്‍ പൂച്ചെണ്ടുകള്‍ സമ്മാനിക്കുന്ന ദിനം. മെയ് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച…ഏതൊരു വ്യക്തിയേയും അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന വാക്ക്. അമ്മ എന്ന വാക്കിനോളം മധുരതരമായ മറ്റൊന്നുണ്ടോ?
അമേരിക്കയില്‍ 1905ല്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസാണ് മാതൃദിനം പ്രചാരണത്തിന് തുടക്കമിട്ടതെന്നാണ് ചരിത്രം. ഭൂമിയില്‍ ഓരോ കുഞ്ഞു പിറക്കുമ്പോഴും മാതൃത്വമെന്ന വികാരത്താല്‍ അവള്‍ ധന്യ ആകുന്നു. അമ്മിഞ്ഞപ്പാല്‍ നുകര്‍ന്ന് കൈപിടിച്ച് പിച്ച വെച്ചു തുടങ്ങുന്നു, ബാല്യം. കൗമാരത്തില്‍ വഴികാട്ടിയായും യൗവ്വനത്തില്‍ കൂട്ടുകാരിയായും അമ്മയുടെ ഭാവഭേദങ്ങള്‍ മാറിമറിയുന്നു. ഭൂമിയില്‍ ദിവസത്തില്‍ ഒരു തവണ എങ്കിലും അമ്മയെ ഓര്‍ക്കാത്ത മനുഷ്യര്‍ ഉണ്ടാകുമോ? മക്കള്‍ക്കായി തനിക്കുള്ളതൊക്കെ പങ്കിട്ട അമ്മ, ഉപേക്ഷിച്ച അമ്മ, സഹിക്കുന്ന അമ്മ, അങ്ങനെ പറഞ്ഞാല്‍ ഒതുങ്ങില്ല അമ്മ എന്ന രണ്ടക്ഷരത്തിന്റെ മഹത്വം.

അമ്മമാരെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യം ഇല്ല. എന്നാല്‍ വൃദ്ധസദനങ്ങള്‍ കൂണ് പോലെ മുളച്ചു പൊങ്ങുന്ന ഈ കാലത്ത് മാതൃദിനത്തിന്റെ പ്രസക്തിയും ഏറുകയാണ്. കാലം നല്‍കുന്ന ചുളിവുകളും മറവികളുമെല്ലാം അമ്മയെ വീടിന് ഐശ്വര്യക്കേടാക്കി മാറ്റുമെന്ന് ചിന്തിക്കുന്ന യുവതലമുറ അറിയുന്നില്ല, അവരുടെ തേജസ്സും ഓജസ്സും കവര്‍ന്നെടുത്തത് തങ്ങള്‍ തന്നെയാണെന്ന്. ലോകം എത്ര മാറിയാലും അമ്മ മാറുന്നില്ല..സ്‌നേഹത്തിന്റെയും സഹനത്തിന്റെയും മഹാപ്രവാഹമായ അമ്മമാര്‍ക്കായി ഈ ദിനം സമ്മാനിക്കാം, അവരെ ചേര്‍ത്തു നിര്‍ത്താം. ഏവര്‍ക്കും   മാതൃദിനാശംസകള്‍.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only