തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ എത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജാമ്യമില്ല വകുപ്പുകളാണ് പി.സി. ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദേഷ്വ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. പി.സി. ജോർജിനെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
തിരുവനന്തപുരം ഫോർട്ട് പൊലീസ് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോർട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് എത്തിയത്.
കഴിഞ്ഞദിവസം അനന്തപുരി ഹിന്ദുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ നുണയാരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്
Post a Comment