കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് തിരിച്ചെത്തിയേക്കില്ല. വിമാന ടിക്കറ്റ് റദ്ദാക്കിയെന്നാണ് സൂചന. വിജയ് ബാബു ഇന്ന് ഹാജരാവുമെന്നാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 30ന് നടൻ എത്തിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബു ഉപഹർജിയിൽ ആരോപിക്കുന്നുണ്ട്.
വിജയ് ബാബുവിനെതിരെ ശക്തമായ വാദങ്ങളാണ് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. കോടതിക്ക് മുന്നില്‍ വ്യവസ്ഥകള്‍ വെക്കാന്‍ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിക്കരുതെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. നിയമത്തിൽ നിന്ന് രക്ഷപ്പെട്ട വിജയ് ബാബുവിനോട് കരുണ പാടില്ല. പ്രതി വിദേശത്ത് എവിടെയാണെങ്കിലും പിടികൂടും. വിദേശത്ത് നിന്ന് നാട്ടിലെത്താന്‍ പ്രതി കോടതിയുടെ മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വെക്കുകയാണ്. ഇത് വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
Post a Comment