തിരുവമ്പാടി : തിരുവമ്പാടി എസ്റ്റേറ്റിൽ ജീർണിച്ചനിലയിൽ അജ്ഞാത മൃതശരീരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് ഊർജിതാന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരിയിൽ മുക്കം നീലേശ്വരത്തുനിന്ന് കാണാതായ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
മൃതദേഹം കണ്ടെത്തിയ സ്ഥലപരിസരവുമായി ഈ യുവാവിനുള്ള ബന്ധം കണക്കിലെടുത്താണിത്. യുവാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തേ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു.
താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം ശനിയാഴ്ച വൈകീട്ട് വിറകുശേഖരിക്കാനെത്തിയ നാട്ടുകാരനാണ് ജീർണിച്ച മൃതശരീരം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുള്ള തലയോട്ടിയും എല്ലിൻകഷണങ്ങളുമാണ് കാടുമൂടിയ സ്ഥലത്ത് കണ്ടെത്തിയത്. കഴുത്തിൽ തുണി കുരുക്കിട്ടനിലയിൽ ചെറിയമരത്തിന് സമീപത്താണ് മൃതദേഹം. തുണിയും ജീർണിച്ചനിലയിലാണ്.
തിരുവമ്പാടി എസ്.ഐ. കെ.കെ. ഹാഷിം, സീനിയർ സി.പി.ഒ.മാരായ കെ.എം. അനീസ്, രാംജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മൃതദേഹാവശിഷ്ടം ഫൊറൻസിക് പരിശോധനയ്ക്കച്ചു. ഡി.എൻ.എ. പരിശോധന നടത്തി. കാണാതായ യുവാവിന്റേതെന്ന നിഗമനത്തിലാണെന്നും പരിശോധനാഫലം പുറത്തുവരാൻ ആഴ്ചകളെടുക്കുമെന്നും എസ്.ഐ. കെ.കെ. ഹാഷിം പറഞ്ഞു.
തിരുവമ്പാടി എസ്റ്റേറ്റിലെ ഉൾക്കാട്ടിൽ കണ്ടെത്തിയ മനുഷ്യതലയോട്ടിയും അസ്ഥികൂടങ്ങളും എസ്.ഐ. കെ.കെ. ഹാഷിമിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു
Post a Comment