May 5, 2022

പാറക്കല്ല് ഉരുണ്ടുവീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; വിശദമായ പഠന റിപ്പോർട്ട് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചു


താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വനപ്രദേശത്തെ മലമുകളിൽ നിന്നും താഴ്ചയിലേക്ക് ഉരുണ്ടുവീണ വലിയ പാറക്കല്ല് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പതിച്ച് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ്(ദേശീയപാത വിഭാഗം) കോഴിക്കോട് ഡിവിഷൻ അധികൃതർ ചീഫ് എഞ്ചിനീയർക്ക് വിശദമായ പഠന റിപ്പോർട്ട് സമർപ്പിച്ചു. പി.ഡബ്ല്യു.ഡി (എൻ.എച്ച്) കോഴിക്കോട് ഡിവിഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയർ പി.കെ.ജമാൽ മുഹമ്മദാണ് സൂപ്രണ്ടിങ് എഞ്ചിനീയർ മുഖേന പി.ഡബ്ല്യു.ഡി എൻ.എച്ച്. ഡിവിഷൻ ചീഫ് എഞ്ചിനീയർ എം.അശോക് കുമാറിന് റിപ്പോർട്ട് അയച്ചത്. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടി വേണമെന്നും ദേശീയപാതയോരത്തെ വനമേഖലയിലെ അപകട ഭീഷണിയുള്ള പാറക്കല്ലുകളും മറ്റും പരിശോധിച്ച് നീക്കം ചെയ്യാൻ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് സഹകരണമുണ്ടാവണമെന്നും നിർദേശിക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. ദേശീയപാതയോരങ്ങളിലെ അപകടകരമായ സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നും അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ മുൻകൂട്ടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് താമരശ്ശേരി ചുരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഉരുണ്ടെത്തിയ പാറക്കല്ല് ബൈക്കിലിടിച്ച് ഒരു ജീവൻ കവർന്നത്. വനപ്രദേശത്തെ മലമുകളിൽ നിന്നും താഴ്ചയിലേക്ക് വീണ് തെറിച്ച വലിയ പാറക്കല്ല് ആറാം വളവിന് സമീപം വെച്ച് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പതിക്കുകയും കല്ലിനൊപ്പം മലപ്പുറം വണ്ടൂർ സ്വദേശികളായ രണ്ട് യുവാക്കൾ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരപരുക്കേറ്റ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം വണ്ടൂർ ഏലമ്പ്ര ഹൗസിൽ അഭിനവ് (20) ഹൃദയാഘാതത്തെതുടർന്ന് മരിക്കുകയും, ഒപ്പമുണ്ടായിരുന്ന വണ്ടൂർ നെല്ലിപ്പറമ്പിൽ അനീഷി(22)ന് സാരമായി പരുക്കേൽക്കുകയും ചെയ്തു. ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് പി.ഡബ്ല്യു.ഡി എൻ.എച്ച് ഡിവിഷൻ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയർ റെനി.പി.മാത്യു എക്‌സിക്യുട്ടീവ് എഞ്ചിനീയർക്ക് നേരത്തെ സമർപ്പിച്ചിരുന്നു. തുടർന്നാണ് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്‌കൊണ്ടുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി വകുപ്പുതലത്തിലേക്ക് അയച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only