May 12, 2022

മണലും മണ്ണും പുഴയോരത്തു തള്ളുന്ന ജലസേചന വകുപ്പ് നടപടിക്കെതിരെ പരാതി ഉയരുന്നു


തിരുവമ്പാടി: കാലവർഷത്തിനു മുൻപ് പുഴയിൽനിന്നു നീക്കുന്ന മണലും മണ്ണും പുഴയോരത്തു തള്ളുന്ന ജലസേചന വകുപ്പ് നടപടിക്കെതിരെ പരാതി ഉയരുന്നു. ലക്ഷങ്ങൾ ചെലവിട്ട് നടത്തുന്ന പ്രവൃത്തി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. ശക്തമായ മഴയിൽ ഈ മണൽ പുഴയിലേക്ക് തന്നെ പതിക്കുകയും ഒഴുകി പോകുകയും ചെയ്യും.

പ്രളയത്തിലും ശക്തമായ മഴയിലും പുഴയിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ട് മണ്ണും മണലും പുഴയിൽ നിറഞ്ഞിരിക്കുകയാണ്. അതിനാൽ ചെറിയ മഴയിൽ പോലും പുഴ കരകവിഞ്ഞ് ഒഴുകുന്ന അവസ്ഥയാണ്. 

ശാസ്ത്രീയമായി പുഴയിലെ മണൽ നീക്കം ചെയ്ത് ലേലം ചെയ്ത് കൊടുത്താൽ പ്രശ്നത്തിനു പരിഹാരമാകും. എന്നാൽ ലക്ഷങ്ങൾ ചെലവിട്ട് മണൽ ശേഖരിച്ച് തീരത്തു തന്നെ കൂട്ടി വയ്ക്കുകയാണിപ്പോൾ. പുഴമണൽ ലേലം ചെയ്ത് കൊടുക്കാത്തത് ചില ലോബികളെ സഹായിക്കാൻ ആണെന്ന ആക്ഷേപവും ഉണ്ട്. 

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജലസേചന വകുപ്പ് പുഴയിലെ മണലും മണ്ണും വാരി കൂട്ടുന്നത്. കാലവർഷത്തിനു മുൻപുള്ള അടിയന്തര നടപടി എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചാണിത്. 

അതിനാൽ പ്രവ‍ൃത്തി ടെൻഡർ ചെയ്യുന്നില്ല. ഇറിഗേഷൻ വകുപ്പ് നേരിട്ട് ഇത് നടപ്പാക്കുകയാണ്. പുഴയുടെ നീർച്ചാലിനു സമീപത്തെ മണൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അരികിലേക്ക് തന്നെ കൂട്ടി വയ്ക്കുന്നു. മണിക്കൂറു കണക്കാക്കി പ്രവ‍ൃത്തിക്ക് കൂലി നൽകും. 

ഇരുവഞ്ഞി പുഴയിൽ തോട്ടത്തിൻകടവ് പാലത്തിനു സമീപം മുക്കം നഗരസഭാ പരിധിയിൽ 2 സ്ഥലങ്ങളിലായി ഈ പ്രവ‍ൃത്തി നടക്കുന്നുണ്ട്. 

4 ലക്ഷത്തിലധികം രൂപ ഇതിന് ചെലവഴിച്ചു. ഇനിയും ഈ പ്രവൃത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. 

പുഴയുടെ ഗതിമാറ്റത്തിനു കാരണം ആകുന്ന മണൽ തിട്ടകൾ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. എന്നാൽ ഇതു പുഴക്കരയിൽ കൂട്ടിവയ്ക്കാതെ യഥാസമയം നീക്കം ചെയ്യാൻ കൂടി നടപടിയുണ്ടാകണം

റിപ്പോർട്ട് : തോമസ് വലിയപറമ്പൻ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only