മലപ്പുറം : ഒറ്റമൂലി വെെദ്യനെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ എറിഞ്ഞ സംഭവത്തിൽ പ്രതി ഷൈബിൻ അഷ്‌റഫിന്റെ വീട്ടിൽ പരിശോധന. കൊല്ലപ്പെട്ട വൈദ്യന്റെ ശരീര അവശിഷ്ടങ്ങളും രക്തക്കറയുമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനാണ് വീട്ടിൽ പരിശോധന നടത്തുന്നത്. ഇവ കണ്ടെത്താൽ വീടിന്റെ കുളിമുറിയുടെ പൈപ്പ് മുറിച്ചാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
വൈദ്യൻ ഷാബാ ശരീഫിന്റെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിലെ കുളിമുറിയിൽ കൊണ്ടുപോയി വെട്ടി കഷ്ണങ്ങൾ ആക്കിയെന്നാണ് പിടിയിലായ നൗഷാദ് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഇതേ തുടർന്ന് തെളിവെടുക്കുന്നതിനായാണ് അന്വേഷണ സംഘം വീട്ടിൽ എത്തിയത്. പൈപ്പിനുളളിൽ മൃതദേഹത്തിന്റെ അവശിഷ്ടം കുടുങ്ങിക്കിടക്കുകയോ അല്ലെങ്കിൽ പൈപ്പിൽ രക്തക്കറ പറ്റിപ്പിടിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൈപ്പ് മുറിച്ച് പരിശോധന നടത്തുന്നത്. പുഴയിൽ എറിഞ്ഞതിനാൽ മൃതദേഹത്തിന്റെ അവശിഷ്ടം ലഭിക്കുക എന്നത് ഏറെ പ്രയാസകരമാണ്. ഇതേ തുടർന്നാണ് പെപ്പിൽ നിന്നും അവശിഷ്ടം കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്.
സംഭവം നടന്ന് രണ്ട് വർഷം പിന്നിട്ട ശേഷമാണ് പരിശോധന നടത്തുന്നത്. ഇതിനിടെ കുളിമുറിയിലെ ടൈലുകൾ ഉൾപ്പെടെ മാറ്റിയിരുന്നു. തെളിവു നശിപ്പിക്കാനും പ്രതികൾ ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുശേഖരണത്തിന് അന്വേഷണ സംഘം പ്രതിസന്ധി നേരിടുന്നുണ്ട്.
രാവിലെ 11 മണിയോടെയാണ് നൗഷാദുമൊത്ത് അന്വേഷണ സംഘം വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയത്. ഇവിടെ വെച്ചും നൗഷാദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നിർണായക വിവരങ്ങൾ ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസം ഇയാളുമൊത്ത് ചാലിയാർ പുഴയുടെ തീരത്ത് പോലീസ് തെളിവെടുപ്പ് നടത്തും.
അതേസമയം സംഭവത്തിൽ നാല് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. മൈസൂരുവിൽ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവരാൻ സഹായം നൽകിയവരാണ് പിടിയിലാകാൻ ഉള്ളത്. തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സംശയിക്കുന്ന ഇവർക്കായി അന്വേഷണം തുടരുകയാണ്. നിലവിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
Post a Comment