കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ കാലം ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധത്തിന് ബുധനാഴ്ച ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവും. പത്താം രക്തസാക്ഷി ദിനം വിപുലമായി ആചരിക്കുകയാണ് ആര്‍എംപിഐ.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് അക്രമരാഷ്ട്രീയത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞെന്നാണ് ആര്‍എംപിഐയുടെ പ്രതികരണം. ടിപിയുടെ വധത്തിന് ശേഷം ആര്‍എംപി ദേശീയ പാര്‍ട്ടിയായി മാറിയിരുന്നു. 2017ലായിരുന്നു ഇത്
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആര്‍എംപിഐക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. സിപിഐഎമ്മിന്റെ കോട്ടയായിരുന്ന വടകര ലോക്‌സഭ മണ്ഡലം ആര്‍എംപിയുടെ രൂപീകരണത്തിന് ശേഷം ഇത് വരെ സിപി ഐഎമ്മിന് സ്വന്തമാക്കാനായിട്ടില്ല. ഒഞ്ചിയം പഞ്ചായത്ത് തുടര്‍ച്ചയായി മൂന്നാം തവണയും ഭരിക്കുന്നു. ഏറാമല പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ പിടിച്ചെടുത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ വിജയിച്ചു
ഓര്‍ക്കാട്ടേരിയില്‍ ടിപി ഭവന്‍ നിര്‍മ്മിച്ച് സ്വന്തം ആസ്ഥാന മന്ദിരമുണ്ടാക്കി. വള്ളിക്കാട് ടിപി സ്മൃതി കൂടീരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. നാല് സഹകരണ സ്ഥാപനങ്ങളും ആര്‍എംപി നേതൃത്തിലുണ്ട്. ഒരു ചാരിറ്റബിള്‍ ട്രസ്റ്റും ടിപിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു. വടകര മേഖലയില്‍ നിന്ന് മാറി കുന്നംകുളത്ത് മൂന്ന് കൗണ്‍സിലര്‍മാരും തളിക്കുളം പഞ്ചായത്തില്‍ രണ്ട് പഞ്ചായത്ത് അംഗങ്ങളും ആര്‍എംപിക്കുണ്ട്.
അതേ സമയം ആര്‍എംപി ശോഷിക്കുകയാണെന്നാണ് സിപിഐഎം വാദം. ടിപി വധക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിക്കുക, ജീവപര്യന്തം വിധിച്ചവര്‍ക്ക് വധശിക്ഷ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെകെ രമ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ അപ്പീലും കോടതിക്ക് മുമ്പിലുണ്ട്.
Post a Comment