May 13, 2022

മുങ്ങി മരണങ്ങൾ ആവർത്തിക്കാതിരിക്കട്ടെ...


ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ്  ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണം.

വെള്ളത്തിൽ ഇറങ്ങുന്നതിനുമുമ്പ്  ഇക്കാര്യങ്ങൾകൂടി ശ്രദ്ധിക്കൂ...

ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക.  കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക. നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക.

മുതിർന്നവരില്ലാതെ  കുട്ടികളെ വെള്ളത്തിൽ നീന്താനോ, കുളിക്കാനോ, കളിക്കാനോ പോകാൻ അനുവദിക്കരുത്. 

വിനോദയാത്രാ വേളകളിൽ  പലപ്പോഴും ആവേശത്തോടെ  വെള്ളത്തിൽ ഇറങ്ങുന്നവർ  അപകടത്തിൽപ്പെട്ട  സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാര വേളകളിൽ  രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതന്നതാണ് ഉചിതം. ലൈഫ് ജാക്കറ്റ്, ടയർ ട്യൂബ്, നീളമുള്ള  കയർ എന്നിവ കരുതുക. .

ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക.  വെള്ളത്തിൽ  വീണവരെ രക്ഷിക്കാനായി  എടുത്തു ചാടി അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ രക്ഷാപ്രവർത്തങ്ങൾക്കായി  കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് കൂടുതൽ സുരക്ഷിതം. 

വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് ജാലാശയത്തെക്കുറിച്ചു മനസിലാക്കുന്നത് നന്നായിരിക്കും. നീന്തൽ അറിയാം എന്ന കാരണത്താൽ മാത്രം വെള്ളത്തിൽ ഇറങ്ങരുത്. ജലാശയങ്ങളിലെ  വെള്ളവും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് നല്ലത്. പരിചിതമില്ലാത്ത സ്ഥലങ്ങളിൽ  വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം. 

പരിചിതമല്ലാത്ത  സ്ഥലങ്ങളിൽ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിൽ ഇറങ്ങരുത്.

മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അസുഖമുള്ളവരോ,  മരുന്നുകൾ കഴിക്കുന്നവരോ  വെള്ളത്തിൽ വെച്ച് കൂടുതലാകാൻ സാധ്യതയുള്ള അസുഖങ്ങൾ (അപസ്മാരരോഗികൾ, ഹൃദ് രോഗികൾ ) ഉള്ളവരും  പ്രത്യേകം സൂക്ഷിക്കുക. കൂടെയുള്ളവരോട്  അത്  പ്രത്യേകം പറയുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only