May 13, 2022

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്കൗട്ട് നോട്ടിസ്


കോഴിക്കോട്: ദുബൈ ഫ്‌ലാറ്റിലെ മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്.തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം നടപടി സ്വീകരിച്ചത്. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതോടെയാണ് കേസന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പിയും സംഘവും കഴിഞ്ഞ ദിവസം കാസര്‍കോട്ടുളള മെഹ്നാസിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും മെഹ്നാസിനെ കണ്ടത്താനായില്ല. വ്യാഴാഴ്ചക്കകം കോഴിക്കോട്ടെത്തി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ മെഹ്നാസിന് സമയം നല്‍കിയിരുന്നു. എന്നാല്‍ പെരുന്നാളിന് ശേഷം യാത്ര പോയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന മറുപടിയാണ് മാതാപിതാക്കള്‍ നല്‍കിയത്. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്സെടുത്തിട്ടുണ്ട്.


 
മെഹ്നാസ് രാജ്യം വിട്ടില്ലെങ്കിലും സംസ്ഥാനാതിര്‍ത്തി കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മറവ് ചെയ്ത മൃതദേഹം മൂന്ന് മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

മാര്‍ച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുള്‍പ്പെടെ മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി തുടങ്ങിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only