കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തുമ്പോൾ മറ്റന്നാൾ വരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈകോടതി നിർദേശിച്ചു.
വിജയ് ബാബു ഉടൻ നാട്ടിലെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് പരിഗണിച്ചത്. വിജയ് ബാബു ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതി നാട്ടിലെത്തിയശേഷം ഹരജി പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്താൻ വിജയ് ബാബു വിമാന ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, ഇടക്കാല മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. ഇതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു.
മാർച്ച് 16നും 22നും വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് കടന്നു. കേസ് എടുത്ത വിവരം അറിയാതെയാണ് ഏപ്രിൽ 22ന് ഷൂട്ടിങ്ങിനായി ഗോവയിലേക്കും അവിടെനിന്ന് 24ന് ദുബൈയിലേക്കും പോയതെന്നാണ് ഹരജിയിൽ പറയുന്നത്.
Post a Comment