Jun 4, 2022

കൺസ്യൂമർ ഫെഡിന്റെ പൂട്ടിയ 10 ഔട്ട് ലെറ്റുകൾ തുറക്കും, നടപടി പുതിയ മദ്യനയത്തിന്റെ ഭാഗമായി


പുതിയ മദ്യ നയത്തിന്റെ ഭാഗമായി കൺസ്യൂമർ ഫെഡിന്റെ പൂട്ടിപ്പോയ പത്ത് ഔട്ട് ലെറ്റുകൾ തുറക്കുന്നതിനുള്ള ഉത്തരവായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പത്ത് ഔട്ട് ലെറ്റുകളാണ് വാക്ക് ഇൻ കൗണ്ടറുകളായി തുറക്കുന്നത്. ഇടത് സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി.  

ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെ 91 ഷോപ്പുകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇടത് മുന്നണി സർക്കാർ തീരുമാനിച്ചിരുന്നത്. പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കുമ്പോള്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ അനുമതി തേടിയിരുന്നു. ഇതിനും നേരത്തെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 
മെയ് 17 നാണ് സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണവും ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കാനുള്ള തീരുമാനം. പൂട്ടിപ്പോയ 68 ഷോപ്പുകൾക്കൊപ്പം പുതിയ ഷോപ്പുകളും ചേർത്താണ് 91 ഔട്ട്ലെറ്റുകൾ തുറക്കുന്നത്.
നേരത്തെ തിക്കും തിരക്കും ഒഴിവാക്കാൻ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാൻ ബെവ്കോ സര്‍ക്കാരിന് ശുപാ‍ർശ സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകളടക്കം തുറക്കുന്നത്. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ള താലൂക്കുകളിൽ വീണ്ടും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനും സ‍ർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നത്.

പുതിയ മദ്യനയത്തിൽ പറയുന്നതെന്ത്?

പുതുക്കിയ മദ്യനയം അനുസരിച്ച് സൈനിക - അർദ്ധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിന് വില കൂട്ടിയിരുന്നു. മിലിട്ടറി ക്യാന്‍റീൻ വഴിയുള്ള മദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനാലാണ് മദ്യവില കൂടിയത്. ബാറുകളുടെ വിവിധ ഫീസുകളും വർദ്ധിപ്പിച്ചിരുന്നു. സർവ്വീസ് ഡെസ്ക്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് അന്ന് കൂട്ടിയത്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിലും ബിയർ - വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനും പുതിയ മദ്യനയത്തിൽ തീരുമാനിച്ചിട്ടുണ്ട്.

 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only