മലപ്പുറം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മലയോര മേഖലയിൽ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.കാർഷിക മേഖലയുടെയും കർഷകരുടെയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് യു.ഡി.എഫ്. ഹർത്താൽ പ്രഖ്യാപിച്ചത്.
സംസ്ഥാന സർക്കാരുകളോടും അനുബന്ധ കക്ഷികളോടും അഭിപ്രായം ചോദിച്ച ശേഷമേ തീരുമാനമുണ്ടാകാവൂ എന്ന നിലപാടാണ് ഈ വിഷയങ്ങളിൽ യു.ഡി.എഫ്. സ്വീകരിച്ചിരിക്കുന്നത്. 2014 ൽ കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളിൽ 123 വില്ലേജുകളിലെയും ആവാസകേന്ദ്രങ്ങളും കൃഷിഭൂമികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠമായി പാസ്സാക്കി വിഷയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്.എന്നാൽ ഈ വിഷയത്തിൽ 2019 ൽ എൽ.ഡി.എഫ്. മന്ത്രിസഭ യോഗം ഒരു കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന തീരുമാനം എടുത്തത് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധിയിൽ ഇളവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട സ്റ്റേറ്റ് ഗവൺമെൻറ് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഉത്തരവിൽ തന്നെ പറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ്. ഹർത്താൽ പ്രഖ്യാപിച്ചത്.
കരുവാരക്കുണ്ട്,കാളികാവ്,ചോക്കാട്,അമരമ്പലം,കരുളായി,മൂത്തേടം,വഴിക്കടവ്,എടക്കര,ചുങ്കത്തറ,പോത്തുക്കൽ,ചാലിയാർ പഞ്ചായത്തുകളിലും നിലമ്പൂർ മുൻസിപ്പാലിറ്റി പരിധിയിലുമാണ് ഹർത്താൽ പ്രഖ്യാപ്പിച്ചിട്ടുള്ളത്.
പത്ര വിതരണം,പാൽ വിതരണം, വിവാഹം, മരണം തുടങ്ങിയ ആവശ്യ സർവീസുകൾ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായും ഹർത്താൽ വൻ വിജയമാക്കുവാൻ യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ,കൺവീനർ അഷ്‌റഫ് കോക്കൂർ എന്നിവർ അറിയിച്ചു.
Post a Comment