കുറ്റൂളി : നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലും പുത്തലം -മഞ്ചേരി റോഡിലും ആവശ്യത്തിന് വീതിയും സൗകര്യവുമുള്ള സ്ഥലങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ജനകീയ കൂട്ടായ്മയായ ഗ്രീൻ റോഡ് ഇനിഷ്യേറ്റീവിൻ്റെ നേതൃത്വത്തിലാണ് അരീക്കോട്- മുക്കം റോഡിലെ കുറ്റൂളിയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പാതയുടെ ഇരു വശങ്ങളിലുമുള്ള മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റിയാണ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഇത് പരിഹരിക്കാനായി റോഡിനും യാത്രക്കാർക്കും തടസ്സം വരാത്ത രീതിയിൽ മരങ്ങൾ നടുന്നതിനും നഷ്ടപ്പെടുന്ന വനസമ്പത്ത് സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയുമാണ് ഗ്രീൻ റോഡ് ഇനിഷ്യേറ്റീവ് പ്രവർത്തകർ. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിപാടിയിൽ പ്രദേശവാസികളും, രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. സ്ഥലം വാർഡ് മെമ്പർ ഷഹർബാൻ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ പാത കടന്നുപോകുന്ന മറ്റു ഭാഗങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലും പുത്തലം-മഞ്ചേരി പാതയിലും പുതിയ വനവൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കാൻ രൂപം കൊണ്ട ജനകീയ കൂട്ടായ്മയാണ് ഗ്രീൻ റോഡ് ഇനിഷ്യേറ്റീവ്. നിരവധി സാമൂഹിക സാംസ്കാരിക ക്ലബ്ബുകളും, പരിസ്ഥിതി സംഘടനകളും, സ്വയം സന്നദ്ധ പ്രവർത്തകരും കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
Post a Comment