പത്തനംതിട്ട: ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പ്രതികളുടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. രണ്ടാം പ്രതിയായ സേതുനായരുടെ നിർദേശ പ്രകാരമാണ് ഒന്നാം പ്രതി ശരത്ത് എസ് പിള്ള പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്. സേതുനായരാണ് യുവതിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചത്. പല തവണ റിക്വസ്റ്റ് അയച്ചിട്ടും യുവതി സ്വീകരിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് ശരത്തിനെ വിട്ട് ദൃശ്യങ്ങൾ പകർത്താൻ കാരണമെന്നാണ് പ്രതികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.
യുവതിയും മകളും മാത്രം താമസക്കുന്ന വീട്ടിലെത്തി ഒന്നാം പ്രതി ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെയാണ് ദൃശ്യങ്ങൾ പകർത്തിയത്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടുവെന്ന മനസിലാക്കിയിട്ടും ശരത് സ്വന്തം വീട്ടിലെത്തിയ ശേഷം പകർത്തിയ ദൃശ്യങ്ങൾ സേതുവിന് അയച്ചു കൊടുത്തു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ യുവതി കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസിൽ പരാതി കിട്ടിയെന്നറിഞ്ഞതോടെ സേതു നായർ ,ശരത് എസ് പിള്ളയെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. കോയിപ്രം ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Post a Comment