Jun 12, 2022

അരീക്കോട് പൊലീസിന്‍റെ ഓപറേഷൻ കോമ്പിങ്: നിരവധി പേർ അറസ്റ്റിൽ


അരീക്കോട് : സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല പോലീസിന്റെ നിർദ്ദേശ പ്രകാരം അരീക്കോട് പോലീസ് നടത്തിയ ഓപറേഷൻ കോമ്പിങിൽ  നിരവധി പേർ വീണ്ടും അറസ്റ്റിലായി. നിരോധിത പുകയില വിൽപന, അനധികൃത വിദേശ മദ്യ വിൽപന, പൊതുസ്ഥലത്ത് മദ്യപാനം, മൂന്നാക്ക ലോട്ടറി, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 

അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോന്‍റെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ കോമ്പിങ് എന്നു പേരിട്ട പരിശോധന. നിരോധിത പുകയില ഉൽപന്നമായ ഹാൻസ് കൈവശം വെച്ചതിന് തൃപ്പനച്ചി, ഊർങ്ങാട്ടിരി അരിയറാംപാറ സ്വദേശികളായ രണ്ടുപേരെ പിടികൂടി. ഇവരിൽനിന്ന് 60 പാക്കറ്റോളം ഹാൻസ് പിടികൂടിയിട്ടുണ്ട്. 

പൊതുസ്ഥലത്ത് മദ്യപിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേ വിദേശമദ്യം വിൽപന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.  നിയമപരമല്ലാത്ത എഴുത്ത് ലോട്ടറി നടത്തിയ കാവനൂർ, തൃപ്പനച്ചി, പുളിയങ്കോട് സ്വദേശികളായ മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്.

 എസ്.ഐമാരായ അമ്മദ്, സുബ്രഹ്മന്യൻ  എ.എസ്.ഐമാരായ ഹുസൈൻ, അനീഷ് സിവിൽ പോലീസ് ഓഫീസർമാരായ ഷിബു, വിനോദ്, അസഹറുദ്ദീൻ, സജീർ, സനൂപ്, അനീഷ് ബാബു, മുബാറക്, ശിശിത്, പ്രജിത, സ്വയം പ്രഭാ പ്രവീൺ അനില എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അരീക്കോട് സി.ഐ സിവി ലൈജുമോനൊപ്പം ഓപറേഷൻ കോമ്പിങിൽ പങ്കെടുത്തത്.

കഴിഞ്ഞ മാസവും അരീക്കോട് പോലീസിൻ്റെ മിന്നൽ പരിശോധന ഉണ്ടായിരുന്നു. അന്ന് അനധികൃത മണൽകടത്തും, നിരോധിത ലഹരി മരുന്ന് വിൽപനയും അടക്കമുള്ള കുറ്റകൃത്യങ്ങൾ പോലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only