മാനന്തവാടി : പ്രസവത്തിനായി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ യുവതിയെ നഴ്സ് ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തലപ്പുഴ കൈതക്കൊല്ലി സ്വദേശിനിയായ ഫരീദ തേവ് ആണ് ഇതു സംബന്ധിച്ച് ഡിഎംഒയ്ക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകിയത്. മെഡിക്കൽ കോളേജിലെ നേഴ്സായ അനീറ്റ തന്നെ മർദിച്ചെന്നും അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് 32കാരിയുടെ പരാതി.
ഈ മാസം എട്ട് ബുധനാഴ്ച രാവിലെയാണ് താൻ ആശുപത്രിയിൽ അഡ്മിറ്റായതെന്ന് യുവതി പരാതിയിൽ പറയുന്നു. ഉച്ചയ്ക്ക് 1.30ന് പ്രസവം നടന്നു. പ്രസവ വേദന സഹിക്കാനാവാതെ വന്നതോടെ താൻ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് അനീറ്റയോട് കാര്യം പറഞ്ഞു. എന്നാല്‍ നഴ്‌സ് ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ താന്‍ പറഞ്ഞത് ശ്രദ്ധിച്ചതേയില്ല. കുട്ടിയുടെ തല പുറത്തേക്കു വന്നപ്പോഴും താന്‍ അവരോട് പറഞ്ഞെങ്കിലും തന്നെ വഴക്ക് പറയുകയാണ് ഉണ്ടായത്.
'നിനക്ക് വേദനയുണ്ടെങ്കില്‍ നീ സഹിക്കണം' എന്നും 'ഞാന്‍ സഹിക്കില്ല' എന്നും പറഞ്ഞു. പിന്നീട് ഒന്ന് പിടിക്കുക പോലും ചെയ്യാതെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. തല കറങ്ങുന്നു എന്നു പറഞ്ഞിട്ടും പിടിച്ചില്ല. ലേബര്‍ റൂമില്‍ കിടത്തിയതിനു ശേഷം വേദന കൊണ്ട് കരഞ്ഞപ്പോള്‍ ഇടതുകാലിന്റെ തുടയില്‍ ഒരുപാട് അടിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 'അടി നിര്‍ത്തി, ഇനി പ്രസവം നിര്‍ത്തുമോ' എന്ന് ചോദിച്ചെന്നും ഫരീദ പരാതിയില്‍ പറയുന്നു.
ഇല്ല എന്ന് പറഞ്ഞപ്പോള്‍, 'മൂന്ന് കുട്ടികള്‍ ആയില്ലേ, ഇനിയെങ്കിലും നിര്‍ത്തിക്കൂടേ' എന്നും 'വയസാവുന്നതു വരെ പ്രസവിച്ചോ' എന്നും കളിയാക്കി പറയുകയും ചെയ്തു. ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ച അനീറ്റ എന്ന നഴ്‌സിനെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണം എന്നും മേലില്‍ ഒരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണം എന്നും ഫരീദ പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, പ്രസവം കഴിഞ്ഞശേഷവും നഴ്‌സായ അനീറ്റയുടെ ഭാഗത്തുനിന്നും മോശം പരാമര്‍ശങ്ങള്‍ ഉണ്ടായെന്ന് ഭാര്യ പറഞ്ഞതായി ഭര്‍ത്താവ് സലാം പറഞ്ഞു. സ്റ്റിച്ചിന്റെ എണ്ണം കൂടിയത് നീ ഒച്ചവച്ചിട്ടാണെന്നും രണ്ടാമത്തെ കുട്ടിയുണ്ടായി ഒമ്പതു വർഷമായിട്ടും ഇനിയും പ്രസവിച്ചുകൊണ്ടുനടക്കാന്‍ നാണമില്ലേ എന്ന് ചോദിച്ച് അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രസവ സമയം അനീറ്റയും മറ്റു രണ്ട് നഴ്‌സുമാരാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നത്. ഉച്ചയായതിനാല്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റു രണ്ട് നഴ്‌സുമാര്‍ മാന്യമായിട്ടാണ് ഇടപെട്ടതെന്നും അനീറ്റ മാത്രമാണ് ഉപദ്രവിച്ചതും അധിക്ഷേപിച്ചതുമെന്നും ഭാര്യ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോ, മാപ്പ് പറഞ്ഞാല്‍ പോരേ എന്നും സെക്യൂരിറ്റി ജീവനക്കാരന്‍ വന്ന് ചോദിച്ചെന്നും ഇല്ലെന്ന് താന്‍ മറുപടി നല്‍കിയതായും സലാം അറിയിച്ചു.
ഇതൊരു നിസാര കാര്യമല്ല, ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അവസ്ഥ വരരുത്. മെഡി. കോളേജ് സൂപ്രണ്ടിനും ഡിഎംഒയ്ക്കും കൊടുത്ത പരാതിയില്‍ നടപടിയായില്ലെങ്കില്‍ പൊലീസിനും ആരോഗ്യമന്ത്രിക്കും പരാതി കൊടുക്കാനാണ് തീരുമാനമെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment