മലപ്പുറം: സ്‌കൂൾവിട്ട് വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മലപ്പുറത്ത് 13കാരൻ മരിച്ചു. മലപ്പുറം കാരക്കുന്ന് മുപ്പത്തിനാലിൽ ഓടംകുണ്ടിൽ സിദ്ദീഖിന്റെ ഏക മകൻ ഫാരിസ് (13) ആണ് മരിച്ചത്. കാരക്കുന്ന് ഗവൺമെന്റ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അപകടം നടന്നതു കണ്ടയുടൻ നാട്ടുകാർ ഓടിക്കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.
സിദ്ദീഖിന്റേയും ഭാര്യ അനീഷയുടേയും ഏകമകനായിരുന്നു 13കാരനായ ഫാരിസ്. വീട്ടുകാർ അപകടം നടന്ന വിവരം അറിഞ്ഞയുടൻ തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു. നാട്ടുകാർക്കു ബന്ധുക്കൾക്കും സഹപാഠികൾക്കും മരണം സംഭവിച്ചത് വിശ്വസിക്കാനായിട്ടില്ല. ലോറിക്കു അമിത വേഗതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
Post a Comment