Jun 16, 2022

അഗ്നിപഥ് പദ്ധതി വേണ്ട; ട്രയ്നിന് തീവെച്ച് ഉദ്യോ​ഗാർത്ഥികൾ, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു


സൈനിക റിക്രൂട്ട്മെന്റിനായി അ​ഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. അ​ഗ്നിശമന വിഭാ​ഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


ഉദ്യോ​ഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

മുൻഗറിലെ സഫിയാബാദിൽ പ്രതിഷേധക്കാർ പട്‌ന-ഭഗൽപൂർ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കിൽ നൂറുകണക്കിന് യുവാക്കൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജെഹാനാബാദിൽ വിദ്യാർത്ഥികൾ ഗയ-പട്‌ന റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും റോഡിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തേക്കാണ് സൈനിക സേവനം. ഇതിന് ശേഷം 25 ശതമാനം പേർക്ക് മാത്രമായിരിക്കും തുടർന്ന് മറ്റ് സൈനിക വിഭാ​ഗങ്ങളിൽ സേവനം ചെയ്യാനാവുക. 75 ശതമാനം ഉദ്യോ​ഗാർത്ഥികളും പുറത്താക്കപ്പെടുമെന്ന് ആരോപിച്ചാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only