Jun 17, 2022

പ്രവാസികള്‍ക്ക് മാത്രമായി സര്‍വകലാശാല ആരംഭിക്കണം: ശരീഫ് കാരശ്ശേരി


തിരുവനന്തപുരം: ഭാവി പ്രവാസത്തിന് സുഗമമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും നിലവിലുള്ളവരുടെ സുസ്ഥിരതക്കും വൈജ്ഞാനിക സംരംഭങ്ങള്‍ വികസിപ്പിക്കണമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയും ഗള്‍ഫ് സിറാജ് മാനേജറുമായ ശരീഫ് കാരശ്ശേരി ലോക കേരള സഭയില്‍ ആവശ്യപ്പെട്ടു. വിദേശങ്ങളിലെ മികച്ച തൊഴില്‍ ലഭ്യതക്ക് തൊഴില്‍ നൈപുണ്യം അനിവാര്യമെന്നിരിക്കെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ ഉദ്യോഗാര്‍ഥികളോട് മത്സരിക്കാന്‍ മലയാളി ഉദ്യോഗാര്‍ഥികളെ സജ്ജരാക്കുന്നതിന് ലോക കേരള സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. വിദേശ തൊഴില്‍ വിപണി ലക്ഷ്യമാക്കിയുള്ള എല്ലാ കോഴ് സുകളും ഇതിലൂടെ ലഭ്യമാക്കണം. പ്രവാസികള്‍ക്ക് പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനും പാതിവഴിയില്‍ നിലച്ച പഠനം മുന്നോട്ട് കൊണ്ടുപോകാനും നിലവില്‍ പൂര്‍ണ സജ്ജമായ സൗകര്യങ്ങളില്ല. മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അഭാവം മൂലം ജോലിക്കയറ്റം തടയപ്പെടുന്നത് ഒഴിവാക്കാന്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ ഉള്‍പ്പെടെ ഈ യൂനിവേഴ്‌സിറ്റിയിലൂടെ നടപ്പിലാക്കാന്‍ സാധിക്കണം.
കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നേരത്തെ ചില ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയിരുന്നുവെങ്കിലും പല കാരണങ്ങളാലും നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാതെ അടച്ചുപൂട്ടേണ്ടി വന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് എന്നിവയില്‍ വിദേശങ്ങളില്‍ ഭാവിയിലും മികച്ച തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിലേക്ക് ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുന്ന തരത്തില്‍ അവരുടെ ഭാഷ, സ്‌കില്‍ എന്നിവയില്‍ പ്രാമുഖ്യം നല്‍കുന്ന കോഴ്‌സുകളും പരിശീലനവും നടപ്പിലാക്കണം.
വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകളില്‍ അതാത് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പഠനം നട തുന്നതിന് സഹകരണ കാരാറുകള്‍ ഉണ്ടാക്കണം. ഇത്തരം സഹരകരണ കരാറുകളില്‍ ഏര്‍പ്പെട്ട കേരളത്തിലെ ചില സ്ഥാപനങ്ങളുണ്ട്. അവയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പിന്തുണ നല്‍കണം. യു എ ഇ, സൌദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള നിരവധി അധ്യാപകര്‍ തങ്ങളുടെ സര്‍വകലശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈ രാജ്യങ്ങളില്‍ അംഗീകാരം നേടാനാവാത്തതാതിനാല്‍ തൊഴില്‍ സംബന്ധമായി പ്രതിസന്ധി നേരിടുന്നു എന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. െ്രെപവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസ സംവിധാനം, ഓപ്പണ്‍ സര്‍വകലാശാല എന്നിവയിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ഭീഷണി നേരിടുന്നത്.
നിരവധി പേരെ ഇതിനകം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നിരവധി പേര്‍ ഇപ്പോഴും തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര നടപടിയുണ്ടാകേണ്ടതുണ്ട്. നിയമസഭാ മന്ദിരത്തില്‍ നടന്ന മേഖലാ സമ്മേളനത്തിലെ ചര്ച്ചയില്‍ മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, മുഹമ്മദ് റിയാസ്, അഹ്‌മദ്‌ ദേവർകോവിൽ, കെ രാധാകൃഷ്ണന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ജോണ്‍ ബ്രിട്ടാസ് എം പി, ഒ വി മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only