Jul 30, 2022

12-കാരൻ യുട്യൂബ് കണ്ട് വൈനുണ്ടാക്കി സ്‌കൂളിൽ വിളമ്പി; സഹപാഠി ആശുപത്രിയിൽ


ചിറയിൻകീഴ്: യുട്യൂബ് നോക്കി വീട്ടിൽ മുന്തിരിവൈനുണ്ടാക്കി പരീക്ഷണം നടത്തിയ പന്ത്രണ്ടുകാരൻ അത് സ്കൂളിൽ കൊണ്ടുവന്ന് വിളമ്പി. ദ്രാവകം ഉള്ളിൽച്ചെന്ന മറ്റൊരു വിദ്യാർഥി ഛർദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിൽ രക്ഷിതാക്കൾ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ച് യുട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് 12 കാരൻ മിശ്രിതം തയ്യാറാക്കിയത്. പോലീസ് സ്കൂളിലെത്തി സ്കൂൾ അധികൃതരോടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്കൂളിലെത്തിച്ച വിദ്യാർഥിയുടെ മാതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നൽകിയതായും ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷിതാവിനെ കാര്യങ്ങൾ അറിയിച്ച് ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി സ്കൂൾ അധികൃതരും പറഞ്ഞു.
അതേസമയം വിദ്യാർഥി ക്ലാസിൽ കൊണ്ടുവന്ന മിശ്രിതം കുടിച്ച് സഹപാഠി ആശുപത്രിയിലായ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only