Jul 16, 2022

മലബാര്‍ ബ്രാന്‍ഡി വരുന്നു: ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം ഇരട്ടിയാക്കാനൊരുങ്ങി സർക്കാർ


തിരുവനന്തപുരം:
സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാനൊരുങ്ങി സർക്കാർ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികൾക്കായി സർക്കാർ ഒരുക്കുന്നത്. ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ബവ്കോയിലെ മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാനാണ് ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുന്നതിനും റമ്മിന്‍റെ ഉല്‍പാദനം കൂട്ടുന്നതിനും തീരുമാനിച്ചത്.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ 63000 ലീറ്റര്‍ ജവാന്‍ മദ്യമാണ് നിലവില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇതു ഒരു ലക്ഷത്തി നാല്‍പത്തിനാലായിരം ലീറ്റര്‍ ആയി ഉയര്‍ത്താനാണ് ശ്രമം. വിലകുറഞ്ഞ മദ്യത്തിന്‍റെ ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ എം.ഡി ചുമതലയേറ്റെടുത്തതിനു പിന്നാലെയായിരുന്നു ചര്‍ച്ച. വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നുമാണ് ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ തറക്കല്ലിട്ട് ആറുമാസത്തിനകം ഉല്‍പാദനം ആരംഭിക്കാനാണ് തീരുമാനം. പരമാവധി ശേഷിയോടെയായിരിക്കും ഉല്‍പാദനം. മാത്രമല്ല ജവാന്‍റെ ഉല്‍പാദനം കൂട്ടാനും തീരുമാനിച്ചു.



നിലവില്‍, നാലു ബോട്ട്ലിങ്ങ് ലൈനുകളാണുള്ളത്. ഇതു ആറു ലൈനുകളുമായി ചേര്‍ത്ത് പത്തു ലൈനുകളാക്കി മാറ്റും. നിലവില്‍ രണ്ടുലൈനുകള്‍ക്കു കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ ലൈനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ നഷ്ടം വരുമെന്നു ബവ്കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ നാലുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ഇരട്ടിയാക്കാമെന്നും ലക്ഷ്യമിടുന്നു. ഇതോടെ മദ്യകമ്പനികളുടെ വിലപേശലിനു അറുതി വരുത്താന്‍ കഴിയുമെന്നാണു ബെവ്കോ കരുതുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only