മാനന്തവാടി: ബസ്സ് യാത്രക്കിടെ കുഴഞ്ഞു വീണ യാത്രികനെ അതിവേഗം ആശുപത്രിയിലെത്തിക്കുക വഴി ജീവന്‍ തിരികെ പിടിച്ചുനല്‍കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ രമേശനും, കണ്ടക്ടര്‍ പ്രദീപുമാണ് ബസ്സില്‍ വെച്ച് ശാരീരിക അസ്വസ്ഥത നേരിട്ട യാത്രികനെ രണ്ടാമതൊന്നാലോചിക്കാതെ അതിവേഗം കോഴിക്കോട് ഇഖ്റാ ആശുപത്രിയിലെത്തിച്ചത്. ലൈറ്റിട്ട് അതിവേഗം രോഗിയെ കെഎസ്ആര്‍ടിസി ബസ്സില്‍ ആശുപത്രിയിലെത്തിക്കുന്ന വീഡിയോ നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ രാവിലെ 6 മണിക്ക് മാനന്തവാടിയില്‍ നിന്ന് തൊട്ടില്‍പ്പാലം വഴി കോഴിക്കോടേക്ക് പുറപ്പെട്ട ബസ്സിലായിരുന്നു യാത്രികന്‍ കുഴഞ്ഞു വീണത്.
അവശനായ ആളെ ഉടനടി ആശുപത്രിയിലെത്തിക്കണമെന്നതിനാല്‍ പൂളക്കടവ് ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് കണ്ണൂര്‍ റോഡ് വഴി കോഴിക്കോട് നഗരത്തിലേക്ക് പോകേണ്ട ബസ്സ് ഡ്രൈവര്‍ രമേശന്‍ ബൈപ്പാസിലൂടെ തന്നെ മലാപ്പറമ്പ് വഴി തിരിക്കുകയായിരുന്നു. ബസ്സിലെ മറ്റൊരു യാത്രികന്‍ ആശുപത്രിയില്‍ വിളിച്ചു പറഞ്ഞതിനനുസരിച്ച് ബസ്സ് ആശുപത്രി കോംബൗണ്ടിലെത്തിയപ്പോള്‍ തന്നെ സ്‌ട്രെക്ച്ചര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കിയതായി ബസ് ജീവനക്കാര്‍ പറയുന്നു. അത്തോളിയില്‍ നിന്ന് ബസ്സില്‍ കയറിയ യാത്രികനാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇയാളുടെ മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്ന് ഇവര്‍ പറയുന്നു. ബസ്സിലുണ്ടായിരുന്ന ഒരു ഡോക്ടറടക്കമുള്ളവര്‍ കൃത്യസമയത്ത് ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നല്‍കിയതും ഏറെ ഗുണമായതായി ജീവനക്കാര്‍ പറഞ്ഞു. രമേശന്‍ പനമരം സ്വദേശിയും പ്രദീപ് തോണിച്ചാല്‍ സ്വദേശിയുമാണ്
Post a Comment