Jul 25, 2022

മൂന്നാറിലെ സ്വർണക്കടയിൽ നിന്ന് മോഷണം നടത്തിയ സ്ത്രീ പിടിയിൽ; പിടിയിലായത് അതി സമ്പന്ന കുടുംബത്തിലെ സ്ത്രീ


മൂന്നാർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയ സ്ത്രീ പിടിയിൽ. ചെന്നൈയിൽ നിന്നാണ് സ്ത്രീയെ മൂന്നാർ പൊലീസ് പിടികൂടിയത്. രഹാന ഹുസൈന്‍ ഫറൂക്ക്(47) ആണ് പിടിയിലായത്.


ചെന്നൈയിലെ രായപുരത്ത് അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് പൊലീസ് രഹാനയെ പിടികൂടിയത്. ഇവരിൽ നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകളും കണ്ടെടുത്തു.

മൂന്നാറിലെ ജിഎച്ച് റോഡിലുള്ള ആഭണശാലയിൽ കഴിഞ്ഞ ജുലൈ പതിനാറിന് രാവിലെ 10.20 ഓടെയായിരുന്നു സംഭവം. കോയമ്പത്തൂർ സ്വദേശിയാണെന്നും പേര് രേശ്മയെന്നും പരിചയപ്പെടുത്തിയാണ് രഹാന ജ്വല്ലറിയിൽ എത്തിയത്. മലേഷ്യയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. 3 ജോടി കമ്മലും ഒരു ബ്രേസ്‌ലെറ്റും ഒരു ലോക്കറ്റും വാങ്ങിയ രഹാന ഇതിന്റെ വിലയായ 77,500 രൂപ നൽകുകയും ചെയ്തു. ഇതിനു ശേഷം 36 ഗ്രാമിന്റെ രണ്ട് മാലകൾ എടുത്ത് പരിശോധിച്ച യുവതി വില ചോദിച്ചതിനു ശേഷം വൈകിട്ട് എത്തി മാല വാങ്ങാമെന്ന് അറിയിച്ചു.

ഭർത്താവും മക്കളും ഹോട്ടലിലാണെന്നും അവർക്കൊപ്പം വന്ന് ബാക്കി തുക നൽകാമെന്ന് പറഞ്ഞ് അഡ്വാൻസായി 9000 രൂപയും നൽകി. ഇതിനു ശേഷം കടയിൽ നിന്ന് പോയെങ്കിലും വൈകിട്ട് തിരിച്ചെത്തിയില്ല.

രാത്രി ജ്വല്ലറി അടക്കുന്നതിന് മുമ്പ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ട് മാലകൾ കാണാനില്ലെന്ന് ജീവനക്കാർക്ക് മനസ്സിലായത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രാവിലെ വന്ന യുവതി മാല ബാഗിൽ വെക്കുന്നതായി കണ്ടത്.

മൂന്നാറിൽ കുടുംബ സമേതം വിനോദയാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു രഹാനയുടെ മോഷണം എന്ന് പൊലീസ് പറയുന്നു. വിനോദയാത്രയ്ക്ക് എത്തി മടങ്ങുന്ന ദിവസം കൂടെയുള്ളവർ അറിയാതെയായിരുന്നു മോഷണം. ചെന്നൈയിലെ അതിസമ്പന്ന കുടുംബാംഗമാണ് രഹാന.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളിൽ ഇവർ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ കയറിപ്പോകുന്നത് കണ്ടു. ഞായറാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തിരിക്കുകയാണ്.

മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ ഷാഹുല്‍ഹമീദ്, കെ.ഡി. മണിയന്‍, എസ്.സി.പി.ഒ.മാരായ വേണുഗോപാല്‍ പ്രഭു, ടോണി ചാക്കോ, രഞ്ജിനി വി.ആര്‍. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only