ദുബായിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്ലോഗർ റിഫ മെഹ്നുവിനെ ഭർത്താവ് മെഹ്നാസ് ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന സംഭാഷണം പുറത്ത്. റിഫയും സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. ഇരുവരും സംസാരിക്കുന്നതിനിടയിൽ സംഭാഷണം സുഹൃത്ത് റെക്കോഡ് ചെയ്യുകയായിരുന്നു. 25 മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിനിടയിൽ, തന്നെ നിരന്തരം മർദിക്കുന്ന കാര്യമാണ് സൂചിപ്പിക്കുന്നത്.
കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പബ്ലിക് കേരള ‘ എന്ന ഓൺലൈൻ ചാനലാണ് വോയിസ് പുറത്തുവിട്ടത്
ഇതിൽ റിഫ പറയുന്നത് ഇങ്ങനെ- ‘‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നതുപോലെയുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്. എനിക്ക് എന്തെങ്കിലും ആയിപ്പോയ മെഹ്നു എന്താക്കും, എന്നെ സഹിക്കണ്ടേ. എന്റെ തലയ്ക്കൊക്കെ അടിയേറ്റ് ഞാനെന്തെങ്കിലും ആയിപ്പോയ മെഹ്നു എന്താക്കും.’’ ഈ തല ഇപ്പോൾ അങ്ങനെ മുഴച്ചതാണോ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘പിന്നെ ഇതിപ്പോ കട്ടിലിനു കൊണ്ടുപോയി ഇടിച്ചിട്ട് മുഴച്ചതല്ലേ’ എന്നും റിഫ പറയുന്നു. ‘‘പറയാനാണേൽ കുറേ പറയാൻ ഉണ്ട്.’’ -ഇങ്ങനെ നീളുന്നു സംഭാഷണം.
പുറത്തുവന്ന സംഭാഷണത്തിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും മെഹ്നാസിന് തക്കതായ ശിക്ഷ കിട്ടുന്നതിൽ ഈ തെളിവ് നിർണായകമാണെന്നും കുടുംബത്തിന്റെ അഭിഭാഷകൻ പി. റഫ്താസ് പറഞ്ഞു. 29-നാണ് മെഹ്നാസിന്റെ മുൻകൂർജാമ്യ അപേക്ഷയിലെ വിധിപ്രഖ്യാപനം.
ഇക്കഴിഞ്ഞ മാർച്ച് ഒന്നാംതീയതി പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്
Post a Comment