Jul 5, 2022

ഷുഹൈലയെ യുവാക്കൾ ശല്യം ചെയ്‌തിരുന്നു; ശബ്ദ സന്ദേശം പുറത്ത്; പത്താംക്ലാസുകാരിയുടെ ദുരൂഹമരണത്തിൽ ഇരുട്ടിൽ തപ്പി പോലീസ്


കാസര്‍കോട്: കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്‌ഷൻ കമ്മിറ്റി.

പത്താം ക്ലാസ് പൊതുപരീക്ഷയുടെ തലേദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് ഷുഹൈല തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പിറ്റേ ദിവസം കുടുംബം ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ വ്യക്തമായ ഫോണ്‍രേഖകളും ഷുഹൈലയുടെ സുഹൃത്തുക്കളുടെ രഹസ്യമൊഴികളും ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അനുകൂല നടപടികള്‍ ഇല്ലാതിരുന്നതോടെയാണ് ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍ രംഗത്ത് വന്നത്.

ഷുഹൈല ഉപയോഗിച്ചിരുന്ന ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഷുഹൈലയെ നാല് യുവാക്കള്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അതിലൊരു യുവാവ് സംഭവം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും വ്യക്തമായിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കാരണക്കാരായ യുവാക്കളെ അറസ്റ്റ് ചെയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഷുഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്കു കണ്ടാണ് ആക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന 13, 14 തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആക്‌ഷന്‍കമ്മിറ്റി. പ്രതിഷേധ സൂചകമായി ബോവിക്കാനം ടൗണിലേക്ക് ആക്‌ഷന്‍ കമ്മിറ്റി മാര്‍ച്ചും സംഘടിപ്പിച്ചു. ഷുഹൈലയെ ചില യുവാക്കള്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതിനു തെളിവായുള്ള ശബ്ദ സന്ദേശങ്ങള്‍ കുടുംബം പൊലീസിനു കൈമാറിയിരുന്നു. ഷുഹൈലയുടെ സുഹൃത്തുക്കള്‍ അതേക്കുറിച്ച് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ആദൂര്‍ പൊലീസിന്റെ മെല്ലെപോക്ക് ചൂണ്ടിക്കാട്ടി കുടുംബം ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only