Jul 14, 2022

താമരശ്ശേരി താലൂക്ക് ആശുപത്രി മലയോര ജനതക്ക് പ്രതീക്ഷയായി മുനീറിന്റെ ഇടപെടൽ.


താമരശ്ശേരി : അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വേണ്ടത്ര ജീവനക്കാരില്ലാത്ത അവസ്ഥയുമായി വലയുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് വേണ്ടി ഡോ.എം.കെ.മുനീർ ഇന്നലെ നിയമസഭയിൽ സബ് മിഷനിലൂടെ ശ്രദ്ധേയമായ ഇടപെടൽ നടത്തിയത് മലയോര മേഖലക്ക് പ്രതീക്ഷയായി.
                  മൈസൂർ ദേശീയ പാതയിലെ താമരശ്ശേരിയിൽ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പരിതാപകരമായ അവസ്ഥയെ മുനീർ സഭയിൽ വരച്ചുകാട്ടി. ദിവസവും
കൊടുവള്ളി മുതൽ അടിവാരം വരെയുള്ള നൂറുകണക്കിനാളുകളാണ് ഈ ആശുപത്രിയെ ആശ്രയിച്ചെത്തുന്നത്. 

താലൂക്ക് ആശുപത്രിയാണെങ്കിലും താലൂക്ക് ആസ്ഥാന ആശുപത്രി പദവി ലഭിച്ചിട്ടില്ല. ആരോഗ്യ മന്ത്രി ഇടപെട്ട് ഇത് താലൂക്ക് ആസ്ഥാന ആശുപത്രിയാക്കണം മുനീർ ആവശ്യപ്പെട്ടു.
 വേണ്ടത്ര ജീവനക്കാരില്ലാതെ വലിയ പ്രതിസന്ധി നേരിടുകയാണ് ഈ ആശുപത്രി . നിലവിൽ  ഇവിടെ ഉണ്ടായിരുന്ന ഏക അനെസ്തറ്റിസ്റ്റിനെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്.ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിക്കണം.
                    ദേശീയ പാതയിലുണ്ടാകുന്ന അപകടങ്ങളിൽപ്പെടുന്നവരെ ഇവിടേക്കാണ് കൊണ്ടുവരുന്നത്. അത് കൊണ്ട് തന്നെ ഇവിടെ ഒരു ട്രോമോകെയർ സ്ഥാപിക്കണം. രക്തബാങ്കിന് ആവശ്യമായ സൗകര്യവും ഒരുക്കണം.
                     കോഴിക്കോട്ടെ വിമൻ ആന്റ് ചൈൽഡ് ഹോസ്പിറ്റൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് ഈ ആശുപത്രിയിലാണ്. വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ മദർ ആന്റ് കെയറിന് വേണ്ടി പുതിയ ഒരു ബിൽഡിംഗ് തന്നെ ഇവിടെ പണിയണം.
               ആശുപത്രിയിലുണ്ടായിരുന്ന ഏക ആംബുലൻസ് കഴിഞ്ഞ 9 മാസമായി കട്ടപ്പുറത്താണ് . ഒന്നുകിൽ ഇത് അറ്റകുറ്റപണി നടത്തി ഉപയോഗ യോഗ്യമാക്കുകയോ അല്ലെങ്കിൽ പുതിയ ആംബുലൻസ് അനുവദിക്കുകയോ ചെയ്യണം മുനീർ സഭയിൽ പറഞ്ഞു.
     താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര സൗകര്യമില്ലായ്മ നാളുകളായി തുടരുകയാണ്. സർക്കാറിന്റെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ സമീപനം തുടരുന്ന സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിക്കുകയും ഇന്നലെ നിയമസഭയിൽ സബ് മിഷനിലൂടെ വിഷയത്തിന്റെ ഗൗരവം സർക്കാറിനെ ബോധ്യപ്പെടുത്തുകയും ചെയ്തത്.                    മലയോര മേഖലയിലെ സാധാരണ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് മുനീറിന്റെ സഭയിലെ പ്രസംഗം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only