കോടഞ്ചേരി പതങ്കയംവെള്ളച്ചാട്ടത്തിൽ വീണ്ടും ഒരു അപകടം ഉണ്ടായിരിക്കുന്നു. പതിനെട്ടാമത്തെ അപകടമാണിത്. പതിനേഴു പേരും മരണപ്പെട്ടിരിക്കുന്നു
പഞ്ചായത്ത് ഭരണകൂടത്തിന്റെയും പോലീസിന്റെയുമൊക്കെ മുന്നറിയിപ്പ് ബോർഡുകൾ പാടെ അവഗണിച്ചു പുഴയിലിറങ്ങിയവരാണ് മരണപ്പെട്ട മിക്കവരും.ഇനി എങ്ങനെയാണ് ഇവരെ ബോധവൽക്കരിക്കുക എന്നത് നിശ്ചയമില്ല. കാരണം ഓരോ അപകടങ്ങൾ കഴിയുമ്പോഴും മുന്നറിയിപ്പ് ബോർഡുകളുടെ എണ്ണം കൂടി വരികയല്ലാതെ ആളുകൾ ഈ അപകട തീവ്രത മനസ്സിലാക്കുന്നില്ല.
പലപ്പോഴും നാട്ടുകാർക്ക് പലരെയും അടിച്ചോടിക്കേണ്ടി വന്നിട്ടുണ്ട്.കോരിച്ചൊരിയുന്ന മഴക്കിടയിലാണ് മലവെള്ളപ്പാച്ചിലിന് സാധ്യത ഏറെയുള്ള സമയത്താണ് ഇന്നലെ ഇങ്ങനെയൊരു അപകടം സംഭവിച്ചതെന്നു ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. കാരണം ഈയൊരു സാഹചര്യത്തിൽ ഒരിക്കലും അത്തരമൊരു അപകട ക്കെണിയിലേക്ക് കടന്നു ചെല്ലാൻ പാടില്ലായിരുന്നു. നിരവധി മുന്നറിയിപ്പുകളുണ്ടായിട്ടും അത് അവഗണിച്ചു കൊണ്ട് നിരവധി പേരാണ് ദിവസവും ഇവിടങ്ങളിലേക്ക് എത്തിച്ചേരുന്നത്. അതിലൊരാളായിരുന്നു ഇന്നലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയും.
അത് അപകട മേഖലയാണ് അവിടം സേഫ് അല്ല എന്ന് ബോർഡുകളും നാട്ടുകാരും ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും നീന്തൽ അറിയാമെന്ന വലിയ ന്യായം പറഞ്ഞാണ് പലരും പുഴയിലേക്കിറങ്ങുക. എന്നാൽ കടൽ നീന്തി കടക്കുന്നവനാണെങ്കിലും മലവെള്ളം വന്നാൽ രക്ഷപ്പെടാനുള്ള ഒരു പഴുത് പോലും കിട്ടില്ല എന്ന് ഇവർ മനസ്സിലാക്കുന്നില്ല.
നിമിഷ നേരം കൊണ്ട് പുഴക്ക് പുറത്തുള്ളവരെ പോലും കൊണ്ടു പോകാൻ കണക്കാക്കിയാണ് മലവെള്ളപ്പാച്ചിൽ കടന്നു വരിക.വഴുക്കലുകളുള്ള പാറകൾ മാത്രമുള്ള ഇവിടം ഏറെ അപകടം പിടിച്ച സ്ഥലമാണെന്ന് പറഞ്ഞിട്ട് അവഗണിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ..
ഇനിയൊരു മുന്നറിയിപ്പ് നൽകാനില്ല.ഇനിയൊരു ബോർഡ് വെക്കാനില്ല.അപകടം വരുമ്പോൾ ഓടിയെത്താൻ മാത്രമേ രക്ഷാപ്രവർത്തകർക്കു സാധിക്കൂ...രക്ഷപ്പെടുത്താനുള്ള സമയം പോലും ഈ മലവെള്ളപ്പാച്ചിൽ നമുക്ക് തരില്ല.
വരരുത് ഈ മരണക്കെണിയിലേക്ക് കടന്ന് വരരുത് '. ഈ അപകടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടാൻ എത്ര നീന്തൽ അറിയുന്നവനാണെങ്കിലും സാധിക്കില്ല....
✒️ അഷ്‌കർ സർക്കാർ .
Post a Comment